മലപ്പുറം: പറപ്പൂരിലെ കുളത്തിൽ അമ്മയെയും രണ്ടു മക്കളെയും മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീണാലുങ്ങൽ സ്വദേശി സൈനബ (40), മക്കളായ ആഷിഖ് (22), ഫാത്തിമ ഫർസീല (16), എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലോടെ വീടിനു സമീപത്തെ പാടത്തുള്ള കുളത്തിൽ വസ്ത്രം അലക്കാനും കുളിക്കാനുമായി പോയതായിരുന്നു ഇവർ എന്നാണ് വിവരം.
അതേസമയം അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റു രണ്ടുപേരും കൂടി മുങ്ങിപ്പോയതാകാമെന്ന് പ്രാഥമിക നിഗമനം. വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫർസീലയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുളത്തിനു സമീപം മൂന്നു ജോടി ചെരുപ്പും അലക്കാൻ കൊണ്ടുവന്ന വസ്ത്രങ്ങളും കണ്ടെത്തിയത്.
ഈ സമയം ഇവിടെയെത്തിയ സൈനബയുടെ മറ്റൊരു മകനാണ് ഉമ്മയും ചേട്ടനും സഹോദരിക്കൊപ്പം ഉണ്ടായിരുന്നുവെന്ന വിവരം നാട്ടുകാരോടു പറഞ്ഞത്. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് സൈനബയുടെയും മകൻ ആഷിഖിന്റെയും മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് പറപ്പൂരിലേക്ക് താമസം മാറിയവരാണ് സൈനബയും കുടുംബവും. ഇവിടെ പൗരസമിതി നൽകിയ വീട്ടിലാണ് ഇവർ താമസിച്ചുവന്നത്. ആഷിഖിനെയും ഫർസീലയെയും കൂടാതെ ഒരു മകനാണ് സൈനബയ്ക്ക് ഉള്ളത്.
പറപ്പൂർ ഐയുഎച്ച്എസ്എസിലെ വിദ്യാർഥിയാണ് മരിച്ച ഫാത്തിമ ഫർസീല. വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു പിന്നാലെ പൊതുദർശനം നടത്തി മൃതദേഹങ്ങൾ വീണാലുങ്ങൽ കബർസ്ഥാനിൽ കബറടക്കുമെന്ന് പൗരസമിതി പ്രവർത്തകർ പറഞ്ഞു.
















































