ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യയ്ക്ക് തീരുവ ഭീഷണി ഉയർത്തുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചുവെന്ന് റിപ്പോർട്ട്. ട്രംപ് നാല് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കോളുകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്ന് ജർമ്മൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്തൂങ് (എഫ്എസെഡ്) അവകാശപ്പെട്ടു.
അതുപോലെ വ്യാപാര സംഘർഷങ്ങളിൽ ട്രംപിന്റെ തന്ത്രങ്ങളായ പരാതികൾ, ഭീഷണികൾ, സമ്മർദ്ദം എന്നിവ മറ്റ് പല രാജ്യങ്ങളിലും പയറ്റിത്തെളിഞ്ഞെങ്കിലും ഇന്ത്യയുടെ കാര്യത്തിൽ ഫലിക്കുന്നില്ലെന്നും ഇന്ത്യ- യുഎസ് താരിഫ് തർക്കം വിശകലനം ചെയ്ത റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കോളുകൾ വിളിച്ചതായി പറയപ്പെടുന്ന തീയതികൾ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദിയുടെ ഇപ്പോഴത്തെ സമീപനം നിരാശയും തന്ത്രപരമായ ജാഗ്രതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു,
ഇന്ത്യക്ക് മേൽ 50% താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയ സമയത്താണ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ പ്രസിഡന്റ് ട്രംപ് ശ്രമിച്ചതെന്നാണ് സൂചന. യുഎസും വിയറ്റ്‌നാമും തമ്മിലുള്ള വ്യാപാര ഉടമ്പടി, പ്രതിനിധി സംഘങ്ങൾ ഏറെ പണിപ്പെട്ട് തയ്യാറാക്കിയതായിരുന്നു, എന്നാൽ ജനറൽ സെക്രട്ടറി ടോ ലാമുമായുള്ള ഒരൊറ്റ ഫോൺ കോളിലൂടെ ട്രംപ് അത് പുനഃപരിശോധിച്ചിരുന്നു. അതേ കെണിയിൽ വീഴാൻ മോദി ആഗ്രഹിക്കുന്നില്ലെന്ന് ജർമ്മൻ പത്രം ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ഇന്ത്യയിലെ ട്രംപിന്റെ നിർമ്മാണ പദ്ധതികളും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. ഡൽഹിക്ക് സമീപം, ട്രംപിന്റെ കുടുംബ കമ്പനി അദ്ദേഹത്തിന്റെ പേരിൽ ആഡംബര ടവറുകൾ നിർമ്മിച്ചു. പന്ത്രണ്ട് ദശലക്ഷം യൂറോ വരെ വിലമതിക്കുന്ന 300 അപ്പാർട്ട്മെന്റുകൾ മെയ് പകുതിയോടെ ഒരൊറ്റ ദിവസം കൊണ്ട് വിറ്റുപോയതായി എഫ്എസെഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ അയവു വന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പെങ്ങിനെ കണ്ടുമുട്ടിയതിന് ശേഷം തനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്ന് മോദി പറഞ്ഞതായി പത്രം എടുത്തുകാട്ടുന്നു. പ്രസിഡന്റ് ട്രംപിന്റെ അഭ്യർത്ഥന പ്രകാരം, ജൂലൈ 17-ന് മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. സംഭാഷണം ഏകദേശം 35 മിനിറ്റ് നീണ്ടുനിന്നു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തിയെന്നും ഭീകരവാദത്തിനെതിരെ പിന്തുണ അറിയിച്ചെന്നും മന്ത്രാലയം പറഞ്ഞു.