തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ നൽകിയ നടിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് സൂടന. നിലവിൽ ബെംഗളൂരുവിലാണ് നടിയുള്ളത്. രാഹുൽ രക്ഷപ്പെട്ട കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നടിയിൽനിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം നടി കാർ നൽകിയെങ്കിലും ഈ കാർ ഇതുവരെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്- കർണാടക അതിർത്തിപ്രദേശത്ത് ഉണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ രണ്ടാംപ്രതി ജോബി ജോസഫും ഒപ്പമുണ്ടെന്നാണ് വിവരം. രാഹുൽ കാറുകൾ മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഫോൺ ഇടയ്ക്ക് ഓണായതായും പോലീസ് കണ്ടെത്തി. എന്നാൽ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു.
തുടക്കത്തിൽ പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കാണ് രാഹുൽ പോയതെന്നാണ് പോലീസ് കരുതുന്നത്. പ്രധാനപാതകൾ ഒഴിവാക്കിയായിരുന്നു യാത്രയെന്നതിനാൽ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേരള- കർണാടക അതിർത്തിപ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. അവിടെ ഒരു റിസോർട്ട് കേന്ദ്രീകരിച്ച് പോലീസ് പരിശോധിച്ചെങ്കിലും മുങ്ങിയെന്ന വിവരമാണ് ലഭിച്ചത്. രാഹുലുമായി ബന്ധമുള്ളവരെ പ്രത്യേകസംഘം വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ചിലരെ നിരീക്ഷണത്തിലുമാക്കിയിട്ടുണ്ട്. അതേസമയം രാഹുലിനെതിരെ കോൺഗ്രസിൽ കടുത്ത നീക്കത്തിന് നടപടി തുടങ്ങി. പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.


















































