ഇസ്ലാമാബാദ്: ബംഗ്ലാദേശിനെ തൊട്ടുകളിച്ചാൽ വെറുതെ നോക്കിയിരിക്കില്ലെന്ന് ഇന്ത്യക്കെതിരേ ഭീഷണിമുഴക്കി പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽ) യുവജനവിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി. ബംഗ്ലാദേശിനു നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ, ഒരു ചെറുവിരലെങ്കിലും അനക്കിയാൽ പാക്കിസ്ഥാന്റെ സൈന്യവും മിസൈലുകളും പ്രതികരിക്കുമെന്ന് കമ്രാൻ പറഞ്ഞു. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിൽ സൈനികസഖ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാർട്ടിയാണ് പിഎംഎൽ ഇതിന്റെ യുവജനവിഭാഗം തലവനാണ് കമ്രാൻ. ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം. വീഡിയോയിലൂടെ ആയിരുന്നു കമ്രാന്റെ പ്രതികരണം.
കമ്രാന്റെ വാക്കുകൾ ഇങ്ങനെ- ബംഗ്ലാദേശിന്റെ സ്വയംഭരണാവകാശത്തിനുനേർക്ക് ഇന്ത്യ ആക്രമണം നടത്തുകയാണെങ്കിൽ, ബംഗ്ലാദേശിന്റെ ആരെയെങ്കിലും ദുരുദ്ദേശത്തോടെ ഒന്നു നോക്കാൻ ധൈര്യപ്പെട്ടാൽ, ഓർത്തുകൊള്ളുക പാക്കിസ്ഥാനിലെ ജനങ്ങളും പാക്കിസ്ഥാനി സായുധസേനയും ഞങ്ങളുടെ മിസൈലുകളും അകലെയല്ലെന്ന്….
അതുപോലെ ബംഗ്ലാദേശിന് മേൽ അഖണ്ഡഭാരത പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് ആരോപിച്ച കമ്രാൻ, പാക്കിസ്ഥാൻ ക്ഷമിക്കില്ലെന്നും കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ മുൻപ് ഇന്ത്യയെ ദുഷ്‌കരമായ സാഹചര്യത്തിലാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇനിയും അങ്ങനെ ചെയ്യുമെന്നും കമ്രാൻ പറഞ്ഞു. ബംഗ്ലാദേശും പാക്കിസ്ഥാനും സൈനികസഖ്യം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട കമ്രാൻ, പാക്കിസ്ഥാൻ ബംഗ്ലാദേശിലും ബംഗ്ലാദേശ് പാക്കിസ്ഥാനിലും സൈനികതാവളങ്ങൾ സജ്ജമാക്കണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെട്ടു.


















































