സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജെഎസ്കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുമ്പോൾ അതിനെ പരിഹസിച്ച് ദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ-
‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!
അതേസമയം ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നുമാണ് സെൻസർ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസിൽ ഹർജിക്കാരന്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി. മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്‌കാരവുമായി ബന്ധപ്പെട്ടെന്നാണ് സെൻസർ ബോർഡ് മറുപടി നൽകിയത്.
നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളിൽ മാറ്റം വരുത്താനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്. ജാനകി എന്ന പേരിൽ നിന്ദാപരമായ എന്താണുള്ളത്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? കോടതി ചോദിച്ചു.
എന്നാൽ നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണ് ‘ജാനകി’ എന്ന കഥാപാത്രമെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ‘ജാനകി’ എന്ന കഥാപാത്രം സിനിമയിൽ പ്രതിയല്ലല്ലോ, പ്രതിയുടെ പേരായിരുന്നെങ്കിൽ എതിർപ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ് ജാനകി എന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് കൃത്യമായ മറുപടി സത്യവാങ്മൂലമായി നൽകാൻ കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടത്.
ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ കോസ്‌മോസ് എന്റർടെയ്ൻമെന്റ്‌സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.