തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചെന്ന അവകാശ വാദവുമായി നിയമസഭയില്‍ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വയം കുഴിതോണ്ടി. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കു നല്‍കുന്ന ഓണറേറിയം പതിനായിരം രൂപയായും ഹെല്‍പ്പര്‍മാര്‍ക്ക് ഏഴായിരം രൂപയായും വര്‍ധിപ്പിച്ചെന്നായിരുന്നു സതീശന്‍ നിയമ സഭയില്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുകൊല്ലം കൊണ്ട് നല്‍കിയ വര്‍ധനയാണിതെന്നും സതീശന്‍ അവകാശപ്പെട്ടു.
എന്നാല്‍, ഇതു സംബന്ധിച്ച് പി.കെ. ശ്രീമതി മന്ത്രിയായിരുന്ന സമയത്ത് പ്രതിപക്ഷ എംഎല്‍എ മോന്‍സ് ജോസഫ് എംഎല്‍എയ്ക്കു നല്‍കിയ മറുപടിയും പ്രതിഫലം വര്‍ധിപ്പിച്ചുള്ള ഉത്തരവും ഉയര്‍ത്തിക്കാട്ടി മന്ത്രി പി. രാജീവ് മറുപടി നല്‍കി. താങ്കള്‍ സംസാരിക്കുന്നതിനിടെ ഈ ഉത്തരവ് തപ്പിയെടുക്കുകയായിരുന്നെന്നും അങ്ങ് വര്‍ധനവിന്റെ കണക്കു പറഞ്ഞതുകൊണ്ടാണ് സംസാരിക്കുന്നതെന്നും പറഞ്ഞ മന്ത്രി പി. രാജീവ്, ഉത്തരവും അനുബന്ധമായി മോന്‍സ് ജോസഫ് ചോദിച്ച ചോദ്യവും വായിച്ചാണു വായടപ്പിച്ചത്.
ഈ ഉത്തരവിനെ സംബന്ധിച്ച ചോദ്യം മുഴുവന്‍ വി.ഡി. സതീശന്‍ വായിച്ചില്ലെന്നു പറഞ്ഞായിരുന്നു പി. രാജീവിന്റെ തുടക്കം. 25-2-2016ലെ ഉത്തരവ് പ്രകാരം അംഗന്‍വാടി വര്‍ക്കര്‍മാരുടെ പ്രതിഫലം 10,000 രൂപയായും അംഗന്‍വാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഓണറേറിയം 7000 രൂപയായും വര്‍ധിപ്പിക്കുന്നു എന്നുള്ളതില്‍ ചോദ്യം അങ്ങ് വായിച്ചില്ല. ഐസിഡിഎസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള വര്‍ധനവ് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ എന്നതായിരുന്നു ചോദ്യം. ചോദ്യ കര്‍ത്താവ് ഇവിടിരിപ്പുണ്ട്- ശ്രീ മോന്‍സ് ജോസഫ്.
യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനവ് എന്തുകൊണ്ടു നടപ്പായില്ല എന്നായിരുന്നു ചോദ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഈ തുക തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്ന് നല്‍കാനായിരുന്നു നിര്‍ദേശം. ഈ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭ്യമല്ലാത്തതിനാല്‍ വര്‍ധന നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും മറുപടിയില്‍ പറഞ്ഞു. അതായത് പ്രഖ്യാപനം കടലാസില്‍ മാത്രമായിരുന്നു എന്ന് അങ്ങ് മനസിലാക്കണമെന്നും ചോദ്യകര്‍ത്താവ് മോന്‍സ് ജോസഫ് ഇവിടെ ഇരിപ്പുണ്ടെന്നും പി. രാജീവ് പറഞ്ഞു.