ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഡല്‍ഹിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ‘മിനി അരവിന്ദ് കെജ്രിവാള്‍’. ആം ആദ്മി പാര്‍ട്ടി (എഎപി) മേധാവി അരവിന്ദ് കെജ്രിവാളിന്റെ കുട്ടി അനുയായി അവ്യാന്‍ തോമറാണ് ഡല്‍ഹിയിലെ ശ്രദ്ധാകേന്ദ്രമായത്. കെജ്രിവാളിന്റെ വേഷത്തില്‍ ഇന്ന് രാവിലെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി അവ്യാന്‍ അരവിന്ദ് കെജ്രിവാളിനെ കണ്ടു.
നീല നിറത്തിലുള്ള സ്വെറ്ററും വെള്ള കോളറും പച്ച പഫ് ജാക്കറ്റും ധരിച്ചാണ് അവ്യാന്‍ മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. ശൈത്യകാലത്ത് കെജ്രിവാള്‍ സാധാരണയായി ധരിക്കുന്ന വേഷമായിരുന്നു അവ്യാന്‍ അനുകരിച്ചത്. കെജ്രിവാളിനെപ്പോലെയുള്ള കണ്ണടയും മീശയുമെല്ലാം കൗതുകമായി.
‘തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ എപ്പോഴും ഇവിടെ വരാറുണ്ട്,’ അവ്യന്റെ പിതാവ് രാഹുല്‍ തോമര്‍ പറഞ്ഞു.
അവ്യാന്‍ കെജ്രിവാളിന്റെ വേഷം ധരിക്കുന്നത് ഇതാദ്യമല്ല. 2022 ലെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ചുവന്ന സ്വെറ്റര്‍ ധരിച്ച്, മീശ ധരിച്ച്, തലയില്‍ മഫ്‌ലര്‍ ചുറ്റിയ ആം ആദ്മി തൊപ്പി ധരിച്ചെത്തിയിരുന്നതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.