കാസർകോട്: സ്കൂൾ കലോത്സവത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ ഒര അധ്യാപകൻ സ്റ്റേജിന്റെ കർട്ടൻ താഴ്ത്തുകയായിരുന്നു. തുടർന്നു ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വെച്ചു.
ഗാസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിൻറെ ഉള്ളടക്കം കാണിച്ചു കൊണ്ടാണ് പ്ലസ് ടൂ വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകർ കർട്ടനിടുകയായിരുന്നു. അതോസമയം നടപടിയെടുത്ത അധ്യാപകരുടെ പേര് വെളിപ്പെടുത്താൻ കുട്ടികൾ തയ്യാറായില്ല.
ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തിൽ കർട്ടനിട്ട ഉടൻ തന്നെ മറ്റെല്ലാ പരിപാടികളും നിർത്തിവെച്ചതായും അറിയിപ്പ് നൽകി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാൽ ഇന്ന് പരിപാടി നടന്നിട്ടില്ല. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിൻറെ നിലപാട് എന്തെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അധ്യാപകരും പ്രതികരിച്ചിട്ടില്ല.
ഇതിനിടെ അധ്യാപകർ പോലീസിനെ വിളിച്ചുവരുത്തിയെന്നും വിദ്യാർത്ഥികളെ വിരട്ടിയോടിച്ചുവെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. എന്നാൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസില്ലെന്നും പോലീസ് അധികൃതരും വ്യക്തമാക്കുന്നു.