തിരുവനന്തപുരം: അങ്കണവാടി കുട്ടികളും ടീച്ചർമാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണമെന്ന വ്യക്തമാക്കികൊണ്ടുള്ള സിഡിപിഒയുടെ ശബ്ദ സന്ദേശം വിവാദത്തിൽ. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വർക്കല ഐസിഡിഎസ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. സിഡിപിഒ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം നൽകിയതിനെതിരെയാണ് പ്രതിഷേധം.
അങ്കണവാടി കുട്ടികളും ടീച്ചർമാരും രാഖി കെട്ടണമെന്നും അവ കേന്ദ്ര സർക്കാരിൻറെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അതേസമയം, രാഖി കെട്ടണമെന്ന നിർദേശം സംസ്ഥാന സർക്കാരിൻറെ സർക്കുലറിൽ ഇല്ലെന്നും ഇത്തരമൊരു നീക്കം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണു ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
അതേസമയം സിഡിപിഒയുടെ ശബ്ദസന്ദേശത്തെ തുടർന്ന് ചില അങ്കണവാടികളിൽ രാഖി കെട്ടി. വർക്കല നഗരസഭയിലെ ബിജെപി കൗൺസിലറാണ് രണ്ട് അങ്കൺവാടികളിൽ രാഖി കെട്ടിയത്. ഉത്തരവുണ്ടെന്ന് ടീച്ചർ പറഞ്ഞതിന് അടിസ്ഥാനത്തിലാണ് രാഖി കെട്ടിയതെന്നും രക്ഷിതാക്കളാണ് രാഖി കൊണ്ടുവന്നതെന്നും കൗൺസിലർ പ്രിയ ഗോപി വിശദീകരിച്ചു.
എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ സിഡിപിഒ ജ്യോതിഷ് മതി തയ്യാറായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ത്രിവർണ നിറത്തിലുള്ള രാഖി നിർമാണ ശിൽപശാലയും മത്സരവും അങ്കൺവാടികളിൽ നടത്തണമെന്നതടക്കമുള്ള നിർദേശം വനിത ശിശു വികസന മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.