കൊല്ലം: കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ അനില രവീന്ദ്രൻ സ്ഥിരം കുറ്റവാളി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില നേരത്തെയും എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായിട്ടുണ്ട്,
കഴിഞ്ഞ ദിവസമാണ് 34 കാരിയായ യുവതിയെ നീണ്ടകര പാലത്തിനു സമീപത്ത് നിന്നും പൊലീസ് 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കർണാടകം രജിസ്‌ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുമ്പോഴാണ് അനില പൊലീസിന്‍റെ വലയിലാകുന്നത്. കര്‍ണാടകയില്‍നിന്നും ലഹരി മരുന്ന് എത്തിച്ച് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടന്ന് കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി പൊലീസ് നടത്തിയ പരിശോധനയിലാണ് അനില കുടുങ്ങുന്നത്.
ഇന്നലെ വൈകിട്ട് നീണ്ടകര പാലത്തിനു സമീപം അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കാറിന് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.