തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സാധ്യത. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്.
പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. അതേസമയം പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. എന്നാൽ തനിക്കെതിരെ നടപടിയെടുത്തത് സ4വകലാശാലയുടെ മുഖം രക്ഷിക്കാനാണെന്ന് അധ്യാപകൻ പ്രമോദ് പ്രതികരിച്ചു. സർവകലാശാലയുടെ തെറ്റ് മറച്ചു വെച്ചാണ് തനിക്കെതിരെ നടപടിയെടുത്തത്. പിരിച്ചുവിടാൻ മാത്രം വലിയ തെറ്റ് താൻ ചെയ്തിട്ടില്ല. മാറ്റി നിർത്തലിലോ സസ്പെൻഷനിലോ ഒതുക്കേണ്ട നടപടിയായിരുന്നു. നടപടി അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണ്. പിരിച്ചുവിട്ടെങ്കിൽ ആ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പ്രമോദ് പ്രതികരിച്ചു. കൂടാതെ സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി മാറ്റാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ‍് ചെയ്ത് മാർക്കിടനാകുന്ന രീതിയാണ് ആദ്യം അവലംബിക്കുക. ഉത്തരക്കടലാസുകൾ അധ്യാപകർക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും.
ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർഥികളിൽ 65 പേരും പരീക്ഷയ്ക്കെത്തി. 2022-24 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രൊജക്ട് ഫിനാൻസ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ. മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ചൊവ്വാഴ്ച പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ന് വീണ്ടും പരീക്ഷ നടത്തും. അതേസമയം ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.