തൃശൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ഇറക്കുന്ന ഓപ്പറേഷൻ കമൽ മോഡൽ മറ്റത്തൂരിലും. അതല്ലെങ്കിൽ പഴയ കർണാടക മോഡലിന്റെ മറ്റൊരു മുഖം എന്നുവേണമെങ്കിലും പറയാം. ഇന്നു നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തോരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിലാണ് ബിജെപി ഭരണം പിടിക്കാൻ കുതന്ത്രം പ്രയോഗിച്ചത്. അതിൽ കൃത്യമായി യുഡിഎഫ് അംഗങ്ങൾ വീഴുകയും ചെയ്തു. പ്രസിഡന്റ് തോരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8 കോൺഗ്രസ് അംഗങ്ങളും കൂട്ടമായി പാർട്ടിയിൽനിന്നും രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജിവയ്ക്കുന്നു എന്നു കാട്ടി ഡിസിസി അധ്യക്ഷന് കത്തുനൽകിയ ഇവർ ശേഷം ബിജെപിക്കൊപ്പം ചേർന്നു സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിച്ചു.
24 അംഗങ്ങളുള്ള മറ്റത്തൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫായിരുന്നു. പത്തു സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്. കോൺഗ്രസിനു എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവർ രണ്ടുപേരും കോൺഗ്രസ് വിമതരായിരുന്നു. ഇന്നു രാവിലെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടെ 8 കോൺഗ്രസ് അംഗങ്ങളും രാജിവച്ച് സ്വതന്ത്രയായി ജയിച്ച ടെസി ജോസിനു പിന്തുണ പ്രഖ്യാപിച്ചതോടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഒപ്പം ബിജെപിയും ടെസിയെ പിന്തുണച്ചതോടെ ഭൂരിപക്ഷം നേടി പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി.
അതേസമയം കോൺഗ്രസ് വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് രാവിലെ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചതെന്നാണ് പറയുന്നത്. ശേഷം ബിജെപിയുമായി ചേർന്ന് ടെസി ജോസിനെ പിന്തുണയ്ക്കുകയായിരുന്നു. എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടായതെന്നും വിലയിരുത്തപ്പെടുന്നു.
നേരത്തെ കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച ഔസേപ്പിനെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയിരുന്നു. അംഗങ്ങൾ ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ മറ്റത്തൂരിൽ പ്രകടനം നടത്തി.

















































