ഇസ്‌ലാമാബാദ്: ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്‌ഷൻ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്.
പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. ഇത് പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നാണ് അവരുടെ വാദം. സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.
ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്. ക്യാംപയിൻ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും 70 വർഷത്തിലധികമായി ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്ക് വേണ്ടിയാണെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. ഒന്നുകിൽ അവകാശങ്ങൾ നൽകണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ രോഷം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികമായി സുരക്ഷാ സേനയെ വിന്യസിച്ചാണ് സർക്കാർ പ്രക്ഷോഭത്തെ നേരിട്ടത്. പ്രധാന പാതകളിൽ ചിലത് അടച്ചു. സ്ഥാപനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. പ്രാദേശിക സുരക്ഷാ സേനയ്ക്ക് പിന്തുണ നൽകാൻ ഇസ്‌ലാമാബാദിൽനിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരെ കൂടി അയച്ചിട്ടുണ്ട്.