കട്ടപ്പന: കേരള-തമിഴ്നാട് അതിർത്തിയിലെ തേനിയിൽ വീണ്ടും കഞ്ചാവ് വേട്ട. ബോഡിനായ്കക്കന്നൂരിൽ നിന്നും 24 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ നാലു പേരെ തമിഴ് നാട് പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്നും തേനി ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നതായും ഇത് കേരളത്തിലേക്ക് കടത്തുന്നതിനൊപ്പം ചില്ലറ വിൽപ്പന നടത്തുന്നതായും തമിഴ്നാട് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. ബോഡിനായ്ക്കന്നൂർ പൊലീസ് കാളിയമ്മൻ ക്ഷേത്രത്തിന് സമീപം പട്രേളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു മൂന്നു പേർ ഒപ്പമുണ്ടെന്ന് വിവരം കിട്ടിയത്. ഇതനുസരിച്ച് സംഘത്തിലെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. മേൽമംഗളം സ്വദേശി തങ്കപാണ്ടി, ഉസിലംപെട്ടി സ്വദേശികളായ ഉഗ്രപാണ്ഡി, ഇന്ദ്രാണി, പെരിയകുളം സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 12 പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 24 കിലോ കഞ്ചാവും കണ്ടെത്തി. തേനിജില്ലയിൽ പല ഭാഗത്ത് ചില്ലറ വിൽപ്പനക്കായാണ് കഞ്ചാവ് പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കമ്പത്ത് വച്ച് ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടു വന്ന നാൽപ്പത്തിയാറര കിലോ കഞ്ചാവുമായി നാലംഗ കുടുംബത്തെ പൊലീസ് പിടികൂടിയിരുന്നു.

















































