പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പർ കിട്ടിയത് നാട്ടിലുള്ള ഒരു സുഹൃത്തുവഴിയെന്ന് 31-കാരി നൽകിയ മൊഴിയിൽ പറയുന്നു. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പർ നൽകിയത്. അത് വെറുതേ ഫോണിൽ സേവുചെയ്തെങ്കിലും വിളിച്ചില്ല. 2019 മുതൽ കാനഡയിലാണ് ജോലിയും താമസവും. നാട്ടിലുള്ള പപ്പയ്ക്ക് മൊബൈൽഫോൺ ഓർഡർ ചെയ്യുന്നതിനായി 2023 സെപ്റ്റംബറിൽ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്സാപ്പുവഴി കൊറിയർ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു. എന്നാൽ, സന്ദേശം മാറി രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. മനസ്സിലായ ഉടനെ ഇത് ഡിലീറ്റ് ചെയ്തു. എന്നാൽ പിറ്റേദിവസംമുതൽ ഹായ്, ഹലോ എന്നിങ്ങനെ മെസേജ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പരിൽനിന്ന് വന്നുതുടങ്ങി. ക്രമേണ പരസ്പരം സംസാരിക്കാൻ തുടങ്ങി. കുടുംബകാര്യമൊക്കെ ചോദിച്ചറിഞ്ഞു. വർഷങ്ങളോളം പരിചയമുള്ളയാളെപ്പൊലെയാണ് സംസാരിച്ചത്.
വിവാഹിതയാണെന്ന് രാഹുലിനോട് പറഞ്ഞിരുന്നു. ഭർത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തത് എന്തെന്ന് ചോദിച്ചപ്പോൾ ദാമ്പത്യത്തിൽ ചില പൊരുത്തക്കേടുള്ളതായി പറഞ്ഞു. അതിൽപ്പിന്നെ വിവാഹംകഴിക്കാൻ താത്പര്യമുണ്ടെന്നും ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും നിർബന്ധിച്ചു. തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും പക്ഷേ, തിരക്കുകാരണം അവർക്കുവേണ്ടി സമയംചെലവഴിക്കാൻ സമയംകിട്ടില്ലെന്നും അവർക്ക് നല്ലൊരു അമ്മയെവേണമെന്നും രാഹുൽ പറഞ്ഞതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. താൻ നല്ലൊരു പാർട്ണർ ആയില്ലെങ്കിലും നല്ലൊരു ഫാദർ ആയിരിക്കുമെന്നും പറഞ്ഞു. രാഹുലിന് ഈ ബന്ധം ടൈം പാസാണോയെന്ന് ചോദിച്ചപ്പോൾ നാട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമെന്നായിരുന്നു മറുപടിയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം സിറ്റി വനിതാപോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗം, സബ് ഇൻസ്പെക്ടർ എ.എൽ. പ്രിയക്ക് യുവതി നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയെന്ന് റിമാൻഡ് റിപ്പോർട്ട്.
എംഎൽഎയും ഉന്നത രാഷ്ട്രീയബന്ധമുള്ള ആളുമായ പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.എഫ്ഐആർ രജിസ്റ്റർചെയ്തശേഷവും രാഹുൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ കേസിലും അത് ആവർത്തിക്കാനിടയുണ്ട്. അതിജീവിതമാരെ സൈബറിടത്തിലും അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തിയും അധിക്ഷേപംനടത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യമനുവദിച്ചാൽ അതിജീവിതമാരുടെ ജീവിതം അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. രാഹുലിന്റെ ഫോണുകൾ പിടിച്ചെടുത്തെങ്കിലും സ്‌ക്രീൻ പാറ്റേണും ലോക്കും പറഞ്ഞുകൊടുത്തിട്ടില്ലെന്ന് പോലീസ്.
ഒന്നിലേറെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവ കണ്ടെടുക്കാൻ സഹകരിക്കുന്നില്ല. ഒട്ടേറെ വീട്ടമ്മമാരെയും അവിവാഹിതകളെയും രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരംലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഡിവൈഎസ്‌പി എൻ. മുരളീധരൻ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.

















































