പതിവുശൈലിയിൽ താൻ കാൻസർ സർവൈവറാണെന്ന് വെളിപ്പെടുത്തി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ചെവി വേദനയിൽ നിന്നുമായിരുന്നു തുടക്കമെന്നും എംആർഐ എടുത്തപ്പോഴാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് എന്നും മണിയൻപിള്ള പറയുന്നു. കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തന്റെ രോഗവിവരത്തെ കുറിച്ച് മണിയൻപിള്ള രാജു സംസാരിച്ചത്.
”കാൻസർ ചെറിയ അസുഖമാണെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ വർഷമായിരുന്നു എനിക്ക് കാൻസർ വന്നത്. തുടരും സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ‘ഭഭബ്ബ’യുടെ ഷൂട്ടിങ്ങിന് പോയി തിരിച്ചു വന്നപ്പോൾ ചെവി വേദന ഉണ്ടായി. അങ്ങനെ എംആർഐ എടുത്ത് നോക്കിയപ്പോൾ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി. ഇതുവരെ 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറിൽ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല” എന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്.
മണിയൻപിള്ള രാജുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അച്ഛന് കാൻസർ ആയിരുന്നു എന്നു വെളിപ്പെടുത്തി മകനും നടനുമായ നിരഞ്ജ് രംഗത്തെത്തി. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ് എന്നായിരുന്നു നിരഞ്ജ് വ്യക്തമാക്കിയത്. അതേസമയം, അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചിത്രത്തിലും മെലിഞ്ഞ രൂപത്തിലായിരുന്നു മണിയൻപിള്ളയെ കണ്ടത്.
ആമസോൺ തട്ടിപ്പ്- കേരളത്തിലെ ഗോഡൗണിൽ റെയ്ഡ്, വ്യാജ ഐഎസ്‌ഐ മാർക്കോടു കൂടിയ ഉത്പന്നങ്ങൾ പിടികൂടി