ഇടുക്കി: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമയ്ക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. രാജാക്കാട് എന്‍.ആര്‍ സിറ്റി സ്വദേശി ബിറ്റാജിനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷിച്ചത്. കൊന്നത്തടി മുനിയറ സ്വദേശി ഏറത്തടത്തില്‍ സനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
2018 നവംബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹന കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഏബിള്‍ സി കുര്യന്‍, അഡ്വ. ജോണി അലക്‌സ് എന്നിവര്‍ ഹാജരായി.