കൊച്ചി: ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. ചിത്രം സെപ്റ്റംബർ മാസത്തിൽ റീ റിലീസ് ചെയ്യും.1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ സാമ്യാജ്യം അക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു സാമ്രാജ്യം. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി.
വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിലൂടെ, മലയാള സിനിമയ്ക്ക് അന്യഭാഷകളിലെ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്കുണ്ടായി. ഗാനങ്ങളുടെ അകമ്പടിയില്ലാതെ ഇളയരാജയുടെ പശ്ചാത്തലസംഗീതം ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നുതന്നെയായിരുന്നു.
അലക്സാണ്ഡർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. നായകസ്ഥാനത്ത് ഏറെ തിളങ്ങി നിൽക്കുന്ന ഒരു നടൻ നെഗറ്റീവ് ഷേഡ് നൽകുന്ന ഒരു കഥപാത്രത്തെ ഉൾക്കൊള്ളാൻ തന്നെ മടികാണിക്കും. ഈ സമയത്താണ് വേഷഭൂഷാദികളാലും അഭിനയ മികവുകൊണ്ടും ഈ കഥാപാത്രത്തെ അനശ്വരമാക്കി അലക്സാണ്ഡർ പലരുടേയും സ്വപ്ന കഥാപാത്രമായി മാറിയത്. അക്കാലത്ത് അലക്സാണ്ഡർ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആവേശവുമായി മാറിയത് ആ കഥാപാത്രത്തിൻ്റെ അവതരണത്തിലെ വ്യത്യസ്ഥത തന്നെയായിരുന്നു.
ജയനൻ വിൻസൻ്റ് എന്ന ഛായാഗ്രാഹകൻ്റെ സംഭാവനയും ഏറെ വലുതായിരുന്നു. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് – ഹരിഹര പുത്രൻ. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യാ, സോണിയ, ബാലൻ കെ. നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വാഴൂർ ജോസ്.
.