മുംബൈ: ചോക്ലേറ്റ് വാങ്ങാൻ പണംചോദിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേിൽ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. ബാലാജി റാത്തോഡ് എന്നയാളാണ് മകൾ ആരുഷിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
കേസ് ഇങ്ങനെ- മദ്യത്തിനടിമയായ ബാലാജിയോട് ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിൽ ദേഷ്യപ്പെട്ട ഇയാൾ ഭാര്യയുടെ സാരി കഴുത്തിൽ കുരുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ബാലാജി മദ്യത്തിന് അടിമയായിരുന്നെന്നും കുടുംബത്തിൽ പതിവായി വഴക്കുണ്ടാക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഇയാൾക്കൊപ്പം മകൾ ആരുഷി മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. ഭാര്യ വർഷ നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.