മാനന്തവാടി: കടുവ യുവതിയെ കൊന്നു തല തിന്നതിൽ കനത്ത പ്രതിഷേധവുമായി നാട്ടുകാർ. മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. അനുനയത്തിന് എത്തിയ മന്ത്രി ഒ.ആർ.കേളുവിനും ജനരോഷം നേരിടേണ്ടി വന്നു. ജനം മന്ത്രിക്കെതിരെ തിരിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു മന്ത്രിയെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു.
ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണു കാപ്പി പറിക്കാൻ പോയ ആദിവാസി യുവതി രാധയെ കടുവ കൊന്നത്. വനത്തോടു ചേർന്ന സ്ഥലത്തുനിന്ന് തണ്ടർബോൾട്ട് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും മൃതദേഹം പൊലീസും തണ്ടർബോൾട്ടും വനംവകുപ്പും ചേർന്നു പുറത്തെത്തിച്ച് എസ്റ്റേറ്റ് ഓഫിസിലേക്ക് മാറ്റി. എന്നാൽ ഇവിടെ നിന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ജനം അനുവദിച്ചില്ല. കടുവയെ വെടിവച്ചു കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. എസ്റ്റേറ്റ് ഓഫിസിനു മുന്നിൽ തടിച്ചു കൂടിയ ജനം വനംകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. പല ഘട്ടത്തിലും ജനത്തെ പൊലീസിനു നിയന്ത്രിക്കാൻ സാധിക്കാതായി.
കടുവ വീണ്ടും വരുമെന്നാണു നാട്ടുകാർ പറയുന്നത്. കടുവ ഇരയെ കൊന്നു പാതി ഭക്ഷിച്ചാൽ വീണ്ടും ബാക്കി ഭാഗം കഴിക്കാൻ വരുന്നതാണു ശീലം. അതിനാൽ മൃതദേഹത്തിന്റെ ബാക്കി ഭാഗം തേടി വീണ്ടും കടുവ വരാനിടയുണ്ട്. അതിനാൽ വെടിവച്ചുകൊല്ലണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഈ പ്രദേശത്തു കടുവയുടെയും കാട്ടാനയുടേയും ശല്യം രൂക്ഷമാണെന്നും പലവട്ടം പരാതി പറഞ്ഞിട്ടും വനംവകുപ്പു തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. ഒടുവിൽ യുവതിയെ കൊന്നുതിന്നുന്ന സാഹചര്യത്തിലേക്കു വരെ എത്തി. രാധയുടെ കുടുംബത്തിന് ഇന്നു തന്നെ നഷ്ടപരിഹാരം പൂർണമായും വിതരണം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ചു കേട്ടു പല സ്ഥലങ്ങളിൽ നിന്നും ആളുകൾ എസ്റ്റേറ്റ് ഓഫിസിനു പരിസരത്തേക്ക് എത്തി. എസ്റ്റേറ്റിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികൾ പണി നിർത്തിയെത്തിയാണു പ്രതിഷേധിച്ചത്. മന്ത്രി നാട്ടുകാരുമായി ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ നാട്ടുകാർ തയാറായില്ല. സ്ഥലത്തു പ്രതിഷേധം തുടരുകയാണ്.
Pancharakolli Tiger Attack: Villagers Protest, Demand Tiger Cull
Kerala News Wayanad News Tiger Death Kelu