തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷ വോട്ട് ചോരാൻ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി പാർട്ടി സ്‌നേഹമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റി വേദിയിൽ എത്തിയത് തെറ്റാണെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം. കൂടാതെ മലപ്പുറത്തിനെതിരെയും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെയും പലപ്പോഴും വിദ്വേഷ പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് നേരത്തെതന്നെ പാർട്ടിയിൽ വിലയിരുത്തലുണ്ടായിരുന്നു.
അതുപോലെ ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ കൈവിട്ടതിൽ മേയർ ആര്യാ രാജേന്ദ്രന്റെ പങ്ക് വലുതാണ്. തലസ്ഥാനം ബിജെപി പിടിച്ചെടുത്തതിൽ ആര്യ രാജേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ജില്ലാ കമ്മിറ്റിയിലുണ്ടായത്. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം കഴിഞ്ഞ ഭരണസമിതിയുടെ തെറ്റായ ഭരണംകൂടിയാണ്. കോർപ്പറേഷനിലെ തോൽവിക്ക് പ്രധാന കാരണം തെറ്റായ സ്ഥാനാർത്ഥി നിർണ്ണയമാണ്.
മാത്രമല്ല ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും അംഗങ്ങൾ ആരോപിച്ചു. കൂടാതെ വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നതിൽ വലിയ പരാജയം എൽഡിഎഫിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾക്കുണ്ടായെന്നും ശബരിമല സ്വർണ്ണക്കൊള്ള വിവാദം തിരിച്ചടിക്ക് കാരണമായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.
ആര്യയെ കൂടാതെ മന്ത്രി വി ശിവൻകുട്ടിക്കും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സംസ്ഥാന നേതാക്കളുടെ പിടിവാശി പല സീറ്റുകളും തോൽക്കാൻ കാരണമായി. മുതിർന്ന നേതാക്കൾ കാരണം വിമതർ മത്സര രംഗത്തേക്കിറങ്ങി. കഴക്കൂട്ടം ഏരിയയിലെ സീറ്റുകൾ ഉദ്ധരിച്ചായിരുന്നു ഈ വിമർശനം. ക്ഷേമപെൻഷൻ വർധിപ്പിച്ചിട്ടും ജനക്ഷേമ പദ്ധതികൾ ജനങ്ങൾ സ്വീകരിച്ചില്ല. അതുപോലെ വാഴോട്ടുകോണത്തെ തോൽവി ഇരന്നു വാങ്ങിയതാണെന്നും വിഷയത്തിൽ നേതൃത്വം ഇടപെട്ടില്ലെന്നും വിമർശനം. അതേസമയം തെരഞ്ഞെടുപ്പ് തോൽവിയടക്കം ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റി കൂടിയതിനു ശേഷം വീണ്ടും ജില്ലാ കമ്മിറ്റി വിളിച്ച് ചേർക്കും.


















































