ഇടുക്കി: ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു.
മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ തോട്ടം മുതലാളിയുടെ കാറിലായിരുന്നു ഇവർ ജോലിസ്ഥലത്തെത്തിയത്. കുട്ടിയ വാഹനത്തില്‍ ഇരുത്തിയ ശേഷം കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കള്‍ ഉച്ചയ്ക്ക് ശേഷമാണ് ജോലികഴിഞ്ഞ് തിരികെയെത്തിയത്. ആ സമയത്ത് കല്പനയെ വാഹനത്തിനുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ കുട്ടിയെ രാജാക്കാട്ടെ ആശുപത്രിയിലെത്തിച്ചു.
വാഹനത്തിന്റെ വിന്‍ഡോകള്‍ അടച്ചിരുന്നോ എന്നതു സംബന്ധിച്ച് വിവരമില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം, ശക്തമായ പനിയെത്തുടര്‍ന്ന് കുട്ടിക്ക് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം മരുന്ന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കും. ഉടുമ്പന്‍ചോല പോലീസാണ് കേസ് അന്വേഷിക്കുന്നത്.