ന്യൂഡല്‍ഹി: വാദം കേള്‍ക്കലിനിടെ അലഹബാദ് ഹൈക്കോടതി ജഡ്ജിമാരെ ഗുണ്ടകള്‍ എന്ന് വിളിച്ച അഭിഭാഷകന് ആറ് മാസത്തെ തടവ് ശിക്ഷ. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് അഭിഭാഷകനായ അശോക് പാണ്ഡേയ്ക്ക് ശിക്ഷവിധിച്ചത്. ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ കീഴടങ്ങാന്‍ അശോക് പാണ്ഡെയ്ക്ക് നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
ആറ് മാസത്തെ തടവ് ശിക്ഷക്ക് പുറമെ 2000 രൂപ പിഴയും അശോക് പാണ്ഡെ നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്യുന്നതില്‍നിന്ന് മൂന്ന് വര്‍ഷം വിലക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്ന് നിര്‍ദേശിച്ച് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജഡ്ജിമാരായ വിവേക് ചൗധരി, ബ്രിജ് രാജ് സിങ് എന്നിവരുടേതാണ് ഉത്തരവ്.
2021 ഓഗസ്റ്റ് 18-ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ഋതു രാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെ ഹാജരായപ്പോഴാണ് അശോക് പാണ്ഡെ ജഡ്ജിമാരെ അധിക്ഷേപിച്ച് സംസാരിച്ചത്.
ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാതെയും അഭിഭാഷകരുടെ റോബ് ധരിക്കാതെയുമാണ് അശോക് പാണ്ഡെ കോടതിയില്‍ ഹാജരായത്. ഇതിനെ ജഡ്ജിമാര്‍ എതിര്‍ത്തതോടെയാണ് അവരെ ഗുണ്ടകളെന്ന് അശോക് പാണ്ഡെ വിളിച്ചത്. തുടര്‍ന്ന് സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് അലഹബാദ് ഹൈക്കോടതി ഇപ്പോള്‍ ശിക്ഷവിധിച്ചത്. ജുഡീഷ്യറിയെ സ്ഥിരമായ അധിക്ഷേപിച്ച് സംസാരിക്കുന്ന വ്യക്തിയാണ് പാണ്ഡെ എന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2003-ലും 2017-ലും അശോക് പാണ്ഡെ അവമതിപ്പോടെ സംസാരിച്ചുവെന്നും അലഹബാദ് ഹൈക്കോടതി പുറപ്പടുവിച്ച വിധിയില്‍ വിശദീകരിച്ചിട്ടുണ്ട്.