പട്ന: 12 വർഷമായി താൻ പ്രണയത്തിലാണെന്ന വെളിപ്പെടുത്തലിൽ തേജ് പ്രതാപിന് നഷ്ടമായത് സ്വന്തം പാർട്ടിയും കുടുംബവും. തന്റെ മകൻ തേജ് പ്രതാപിനെ പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കിയെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ആറു വർഷത്തേക്കാണ് തേജ് പ്രതാപിനെ ആർജെഡിയിൽനിന്നു പുറത്താക്കിയത്. വ്യക്തിപരമായ ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കി കൊണ്ടുള്ള വാർത്താക്കുറിപ്പിൽ ലാലുപ്രസാദ് യാദവ് പറഞ്ഞു.
ലാലുപ്രസാദ് യാദവ് എക്സിൽ കുറിച്ചതിങ്ങനെ-
‘‘മൂത്ത മകന്റെ പ്രവർത്തനങ്ങൾ, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും സംസ്കാരത്തിനും അനുസൃതമല്ല. അതിനാൽ, ഞാൻ അദ്ദേഹത്തെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, അദ്ദേഹത്തിന് പാർട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല.
അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലർത്തുന്നവർ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ട്.’’
അതേസമയം കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് 37 വയസുകാരനായ തേജ് പ്രതാപ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്. ‘‘വളരെക്കാലമായി ഇതു നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്, നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ ഇത് വെളിപ്പെടുത്തുന്നത്. നിങ്ങൾക്ക് എന്നെ മനസിലാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’ – തേജ് പ്രതാപ് പറഞ്ഞു.
എന്നാൽ പോസ്റ്റിനു പിന്നാലെ 2018 ൽ കൊട്ടിഘോഷിച്ച് നടത്തിയ തേജ് പ്രതാപിന്റെ വിവാഹത്തെപ്പറ്റി ആയിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ, തന്നെ വീട്ടിൽനിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങുകയായിരുന്നു. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിജ്ഞയെടുത്ത്, ഐശ്വര്യയുടെ പിതാവ് മുൻ മന്ത്രി കൂടിയായ ചന്ദ്രിക റോയ് ആർജെഡി വിട്ടു.
അതേസമയം ദമ്പതികളുടെ വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. അന്നുമുതൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ജീവനാംശം എന്ന നിലയിൽ വലിയൊരു തുക ഭാര്യ ആവശ്യപ്പെട്ടതായി തേജ് പ്രതാപ് ആരോപിക്കുമ്പോൾ, തേജ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് ഐശ്വര്യയുടെ ആരോപണം. കൂടാതെ ആർജെഡിയിൽ ലാലുവിനു ശേഷം ആര് എന്ന പിന്തുടർച്ച തർക്കവും രൂക്ഷമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തേജ് പ്രതാപിനെ പുറത്താക്കി തേജസ്വി യാദവിന് സുഗമമായ അധികാര കൈമാറ്റം ഒരുക്കിയിരിക്കുകയാണ് ലാലുപ്രസാദ് യാദവ് എന്നും വിലയിരുത്തലുണ്ട്.
निजी जीवन में नैतिक मूल्यों की अवहेलना करना हमारे सामाजिक न्याय के लिए सामूहिक संघर्ष को कमज़ोर करता है। ज्येष्ठ पुत्र की गतिविधि, लोक आचरण तथा गैर जिम्मेदाराना व्यवहार हमारे पारिवारिक मूल्यों और संस्कारों के अनुरूप नहीं है। अतएव उपरोक्त परिस्थितियों के चलते उसे पार्टी और परिवार…
— Lalu Prasad Yadav (@laluprasadrjd) May 25, 2025