മലപ്പുറം: ഇനി തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് കെടി ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തവണ തവനൂരിൽ ഇടത് സ്വതന്ത്രനായി കെ.ടി.ജലീൽ ഇത്തവണയും മത്സരിച്ചേക്കും. തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിൻമാറുകയാണെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ പുനരാലോചന നടത്തുമെന്നാണ് ജലീലിന്റെ പ്രതികരണം.
തുടർച്ചയായി നാലു തവണ എംഎൽഎ ആയിട്ടുള്ള കെ.ടി. ജലീൽ തവനൂർ മണ്ഡലം രൂപീകൃതമായ 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ജയം. എങ്കിലും മണ്ഡലം നിലനിർത്താൻ കെ.ടി. ജലീലിനോളംപോന്ന മറ്റൊരു സ്ഥാനാർഥി ഇല്ലെന്ന കണക്ക്കൂട്ടലിലാണ് സിപിഎം. നിർണായക പോരാട്ടത്തിൽ ജയസാധ്യതകൾക്ക് സിപിഎം മുൻഗണന നൽകുമ്പോൾ തവനൂരിൽ ഇടത് സ്ഥാനാർഥിയായി കെ.ടി .ജലീൽ തന്നെ എത്തുമെന്നാണ് സൂചനകൾ.
അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി പിവി അൻവർ തവനൂരിൽ എത്തിയേക്കുമെന്ന അഭ്യൂഹവും മണ്ഡലത്തിൽ ഉയരുന്നുണ്ട്. മന്ത്രി റിയാസിനെതിരെ ബേപ്പൂരിൽ മത്സരിക്കുമെന്നായിരുന്നു അൻവർ ആദ്യം പ്രഖ്യാപിച്ചതെങ്കിലും ജയസാധ്യത ഇല്ലാത്തതും യുഡിഎഫിൽനിന്ന് തന്നെയുള്ള എതിർപ്പും പരിഗണിച്ചാണ് അൻവർ തവനൂരിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ഇതിനിടെ ‘പി.വി.അൻവർ വരികയാണെങ്കിൽ സ്വാഗതം ചെയ്യുന്നു’ എന്ന് സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള ചോദ്യത്തിന് കെ.ടി. ജലീൽ പ്രതികരിച്ചു. നിലവിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ് തവനൂർ. കഴിഞ്ഞ തവണഫിറോസ് കുന്നംപറമ്പിലിനെയാണ് കോൺഗ്രസ് ജലീലിനെതിരെ നിർത്തിയിരുന്നത്. എങ്കിലും നേരിയ ഭൂരിപക്ഷത്തിന്റെ ജയം (2185) ജലീലിനായിരുന്നു. 2016-ൽ ജലീൽ 17064 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.
എന്നാൽ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ അനുസരിച്ച് തവനൂരിൽ യുഡിഎഫിന് ആധിപത്യമുണ്ട്. എങ്കിലും കെ.ടി. ജലീലിനുള്ള സ്വാധീനത്തിൽ ഇത്തവണയും മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫുള്ളത്.















































