കൊച്ചി: നേര്യമംഗലത്തിനു സമീപം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 14 വയസുകാരിക്ക് ദാരുണാന്ത്യം. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ അനീറ്റ ബസിന്റെ അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയശേഷമാണ് പെൺകുട്ടിയെ പുറത്തെടുത്തത്.