തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ മുക്കം മാമ്പറ്റയിൽ ഹോട്ടൽ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കുന്ദംകുളത്ത് വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ പ്രതിയെ മുക്കം സ്റ്റേഷനിൽ എത്തിച്ചു. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനി പിടിയിലാകാനുണ്ട്.
ശനിയാഴ്ച രാത്രിയാണു പയ്യന്നൂർ സ്വദേശിനിയായ 24കാരിയെ ദേവദാസും രണ്ടു ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിൽ ജീവനക്കാരിയായിരുന്നു പെൺകുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
‘രക്തത്തില്‍ കുളിച്ച് വിദ്യാര്‍ഥികള്‍’; സ്വീഡനെ നടുക്കിയ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു
ഇതിനിടെ ദേവദാസ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണിൽ ഗെയിം കളിക്കുകയായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ സ്ക്രീൻ റെക്കോഡിൽ പതിഞ്ഞതാണു ദൃശ്യങ്ങൾ. യുവതിയുടെ ബന്ധുക്കളാണ് ഡിജിറ്റൽ തെളിവ് പുറത്തുവിട്ടിരുന്നത്. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്.