കൊച്ചി: പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് രാഘവനാണ് വിളിക്കുന്നത്!! ഐഎൻഎസ് വിക്രാന്ത് എവിടെയാടാ…ലൊക്കേഷൻ ഉടൻ അയയ്ക്കണം.. പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഐഎൻഎസ് വിക്രാന്ത് എവിടെയെന്നു കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോണിലേക്കു വിളിച്ച് അന്വേഷിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശിയെയാണ് കൊച്ചി ഹാർബർ ക്രൈം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണ് കൊച്ചിൻ ഷിപ്‍യാർഡിൽ നിർമിച്ച ഐഎൻഎസ് വിക്രാന്ത്.
കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോൺ നമ്പറിലേക്കു വിളിച്ചായിരുന്നു ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ എവിടെ എന്ന അന്വേഷണം വന്നത്. വിളിക്കുന്നതു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും ‘രാഘവൻ’ എന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു. തുടർന്ന് വിളിച്ചയാളുടെ കൂടുതൽ വിവരങ്ങൾ നാവിക ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഒരു ഫോൺ നമ്പർ പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഇയാൾ ഫോൺ വയ്ക്കുകയും ചെയ്തു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യ- പാക് സംഘർഷം മൂർധന്യത്തിലായിരുന്നതിനാൽ നാവിക സേനയും അതീവജാഗ്രതയിൽ ആയിരുന്നു. ഇതോടെ പോലീസ് അന്വേഷണം തുടങ്ങുകയും ഫോൺ വിളിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.