കോഴിക്കോട്: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ വിവാദം കത്തിനിൽക്കെ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടൻ മോഹൻലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിനു പരാതി. മോഹൻലാൽ സൈനിക ബഹുമതിയുടെ അന്തസിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി മിഥുൻ വിജയകുമാർ പ്രതിരോധ മന്ത്രാലയത്തിനാണ് പരാതി നൽകിയത്.
മോഹൻലാൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന ആളാണെന്ന് മിഥുൻ വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. ഇതിന് വിരുദ്ധമായാണ് മോഹൻലാൽ എമ്പുരാനിൽ അവതരിപ്പിച്ച കഥാപാത്രം. രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ എൻഐഎയെ സ്വാധീനിക്കാൻ കഴിയുമെന്നതടക്കം ചിത്രം സൂചിപ്പിക്കുന്നുണ്ടെന്നും മിഥുൻ പറയുന്നു. കീർത്തിചക്ര ഇന്ത്യൻ സൈനികരെ അന്തസോടെയും വീര്യത്തോടെയും ചിത്രീകരിച്ച ചിത്രമാണെന്ന് മിഥുൻ പറയുന്നു.
മാത്രമല്ല അതിൽ അഭിനയിച്ച ശേഷമാണ് മോഹൻലാലിന് ഓണററി പദവി ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രം രാജ്യത്തെ യുവജനങ്ങളെയടക്കം വലിയ രീതിയിൽ സ്വാധീനിച്ചവെന്നും മിഥുൻ പറയുന്നു. എന്നാൽ എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഓണററി പദവിക്ക് വിരുദ്ധമായാണ്. അതുകൊണ്ടുതന്നെ മോഹൻലാലിന് നൽകിയ ഓണററി പദവിയിൽ പുനരവലോകനം വേണം. ഓണററി പദവി നൽകുന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോൾ വേണമെന്നും മിഥുൻ ആവശ്യപ്പെടുന്നു.