കോട്ടയം: പച്ച മാംസത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ വച്ച്മുറിവേൽപ്പിച്ചു രസിക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർഥികൾ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയർ വിദ്യാർഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയവയാണിത്.
ഒരു ജൂനിയർ വിദ്യാർഥി കട്ടിലിൽ കിടക്കുന്നതുകാണാം. ശരീരമാസകലം ലോഷൻ പുരട്ടിയ നിലയിൽ തോർത്തുകൊണ്ട് കൈകാലുകൾ കെട്ടിയിട്ടനിലയിലാണ് വിദ്യാർഥി. തുടർന്ന് സീനിയേഴ്സ് വിദ്യാർഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. വൺ, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡർ കൊണ്ട് കുത്തുന്നത്. ജൂനിയർ വിദ്യാർഥി വേദനകൊണ്ട് നിലവിളിക്കുമ്പോൾ പ്രതികൾ അട്ടഹസിക്കുന്നതും ‘സെക്‌സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കൂടാതെ വിദ്യാർഥി കരഞ്ഞു നിലവിളിക്കുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനൽകുന്നു. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നും സീനിയർ വിദ്യാർഥികൾ പറയുന്നുണ്ട്. ജൂനിയർ വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകൾ അടുക്കിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ‘ഞാൻ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർഥിയുടെ വയറിൽ കുത്തി പരുക്കേൽപ്പിക്കുന്നത്. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയർ വിദ്യാർഥി കരഞ്ഞുപറഞ്ഞിട്ടും സീനിയർ വിദ്യാർഥികൾ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാർഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവർ തുടരുകയായിരുന്നു.
മൂന്നുമാസമായി തുടരുന്ന റാഗിങ് ക്രൂരതയിൽ കഴിഞ്ഞദിവസമാണ് കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ് (22), വയനാട് നടവയൽ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തു. കൂടാതെ ഹോസ്റ്റലിൽ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്തു.