കണ്ണൂർ: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിൻറെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ കേട്ടുകേൾവി പോലുമില്ലാത്ത വിശദീകരണവുമായി തലശ്ശേരി പോലീസ് രംഗത്ത്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കാനാകില്ലെന്ന നിലപാടാണ് തലശ്ശേരി പോലീസ് ആവർത്തിക്കുന്നത്. കാരണമായി പറയുന്നതു സ്വമേധയാ പോലീസിന് കേസെടുക്കാൻ തെളിവില്ലെന്നും ആർക്കും പരാതിയില്ലെന്നും. മാത്രമല്ല സിസിടിവി ദൃശ്യങ്ങൾ വച്ചു കേസെടുക്കാനാവില്ല. കാരണം കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ വന്നാൽ കോടതിയിൽ കേസ് നിൽക്കില്ലെന്നുമാണ് പോലീസിൻറെ വാദം.
അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖർ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി യോഗംചേരും. കൊടി സുനിയുടെ മദ്യപാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിജസ്ഥിതി തേടും. പോലീസ് കാവലിൽ മദ്യപിച്ചത് സേനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിനിടെ കേസെടുക്കാത്ത പോലീസ് നടപടിയെ ന്യായീകരിച്ച് നേരത്തെ സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. വീഴ്ച്ചയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്നാണ് സ്പീക്കർ എ ൻ ഷംസീറും പി ജയരാജനും പ്രതികരിച്ചത്. എന്നാൽ പരോൾ ഉൾപ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടിപി വധക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാത്തതെന്ന് എംഎൽഎ കെകെ രമ ആരോപിച്ചു.
നേരത്തെ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയംഗമായ പി ജയരാജൻറെ പ്രതികരണം തടവുപുള്ളികൾ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നായിരുന്നു. എന്നാൽ നടപടി പോലീസിൽ മാത്രമൊതുങ്ങി. കൊടി സുനിക്കെതിരെ കേസെടുക്കുന്നതിൽ പി ജയരാജന് മൗനമാണ്. പോലീസ് സേനക്കാകെ നാണക്കേടായ സംഭവം പുറത്ത് വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തലശ്ശേരി എഎസ്പിയും സംഘവും സ്വീകരിച്ചത്.
അതേസമയം കഴിഞ്ഞ ജൂൺ 17ന് സംഭവം ഉണ്ടായിട്ടും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരടങ്ങുന്ന സംഘത്തിന് സംരക്ഷണമൊരുക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഈ വിവാദങ്ങൾക്കിടയിലും ടി പി വധക്കേസിലെ മുഖ്യപ്രതികളിരൊളായ ടികെ രജീഷിന് പരോൾ അനുവദിച്ചു. പി ജയരാജനടക്കം സിപിഎം നേതാക്കൾ ഉപദേശക സമിതിയായ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ടി കെ രജീഷിനും പരോൾ അനുവദിച്ചത്. കോടതിയിൽ നിന്നിറങ്ങിയ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിജിത്ത് തലശ്ശേരിയിൽ വെച്ചാണ് മദ്യപിച്ചത്. സംഭവത്തിൽ മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു.















































