കൊച്ചി: കളമശേരിയിലെ ഗവ. കോളേജ് മെൻസ് ഹോസ്റ്റലിൽനിന്നു രണ്ടു കിലോ കഞ്ചാവ് കടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഹോസ്റ്റലിൽ റെയ്ഡ് നടക്കുമ്പോൾ ആകാശിന്റെ ഫോണിലേക്കു വന്ന കോൾ, സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണെന്നു പോലീസ് പറയുന്നു. കോട്ടയം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിയുടെതായിരുന്നു ആ ഫോൾ കോൾ. ‘സാധനം സേഫ് അല്ലെ’ എന്നായിരുന്നു കോളിലെ ചോദ്യം. അതേസമയം കളമശേരിയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ലഹരി റാക്കിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന മൊഴികൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഹോളി ആഘോഷിക്കാൻ ക്യാംപസ് കേന്ദ്രീകരിച്ച് ലഹരിയെത്തിക്കാൻ സാധ്യതയുണ്ടെന്ന കോളേജ് പ്രിൻസിപ്പലിന്റെ കത്ത് ഡിസിപിക്ക് നേരത്തെ ലഭിച്ചിരുന്നു. അതിനാൽതന്നെ സ്പെഷൽ ബ്രാഞ്ച് നിരീക്ഷത്തിലായിരുന്നു ക്യാംപസും ഹോസ്റ്റലും പരിസരവും. ഹോളി ആഘോഷമുണ്ടെന്നറിഞ്ഞതോടെ സ്പെഷൽ ബ്രാഞ്ച് കൂടുതൽ ജാഗ്രതയിലായി. പിന്നാലെ ഹോസ്റ്റലിലെ ചിലരുടെ നേതൃത്വത്തിൽ പണപ്പിരിവും തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു പണപ്പിരിവ്.
‘ഹോളി നമുക്ക് പൊളിക്കണം’ എന്ന രീതിയിൽ ഗ്രൂപ്പിൽ മെസേജുകൾ വന്നു തുടങ്ങി. അഞ്ചുഗ്രാം കഞ്ചാവിന് 500 രൂപയായിരുന്നു വിലയിട്ടത്. ആകാശാണ് രണ്ടുകിലോയോളം വരുന്ന കഞ്ചാവ് പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വിൽപ്പന നടത്തുന്നതെന്നുമാണ് സ്പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചത്. വൈകാതെ ഡാൻസാഫ് സംഘം ഈ മുറിയുൾപ്പെടെ റെയ്ഡ് നടത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായിരുന്നു. കൂടാതെ കഞ്ചാവെത്തിച്ച രണ്ടുപേരേയും പോലീസ് അറസ്റ്റ് ചെയ്തു.