ന്യൂഡൽഹി: പാർലമെൻ്റിൽ പുതുമുഖമായി എത്തിയ ഘട്ടത്തിൽ ആദ്യ സംഭാഷണത്തിൽ തന്നെ സ്പീക്കറുടെ ഭാഗത്ത് നിന്ന് കേട്ട രൂക്ഷമായ ശകാരത്തെ കുറിച്ച് വെളിപ്പെടുത്തി കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. ഡൽഹിയിൽ നടന്ന പരിപാടിയിലാണ് അന്നത്തെ സ്പീക്കർ സോംനാഥ് ചാറ്റർജിയുമായുള്ള സംഭാഷണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
പാർലമെൻ്റിനകത്ത് അംഗങ്ങൾക്ക് പുകവലിക്കാൻ മുറിവേണമെന്ന് ആവശ്യപ്പെട്ടാണ് താനന്ന് ലോക്സഭാ സ്പീക്കറെ കണ്ട് സംസാരിച്ചതെന്നാണ് കിരൺ റിജിജുവിൻ്റെ വെളിപ്പെടുത്തൽ. ‘ആദ്യമായി ഒരു കൂടിക്കാഴ്ചയ്ക്ക് വന്നിട്ട് ഇതാണോ താൻ ആവശ്യപ്പെടുന്നത്’ എന്നായിരുന്നു സോംനാഥ് ചാറ്റർജിയുടെ മറുചോദ്യം. ‘സ്പീക്കറുടെ ഓഫീസിലേക്ക് കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങൾ ചോദിക്കണം’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൻസദ് രത്ന അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ താൻ ശത്രുവായല്ല കാണുന്നത്. 2014 ന് മുൻപ് അവരെല്ലാം എന്റെ സഹപ്രവർത്തകരായിരുന്നു. എന്റെ പാർലമെൻ്റ് കരിയറിൽ ഭൂരിഭാഗവും താൻ പ്രതിപക്ഷത്തായിരുന്നു.
ബ്രിട്ടനിലൊക്കെ ഒരു എംപി 66000 പേരെ പ്രതിനിധീകരിക്കുമ്പോൾ ഇന്ത്യയിൽ അത് 20 ലക്ഷം വരെയൊക്കെയാണ്. നമ്മുടെ എംപിമാർ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും നിയമനിർവഹണം കാര്യക്ഷമമെന്ന് ഉറപ്പാക്കുകയും ഒപ്പം പാർലമെൻ്റിൽ പ്രവർത്തിക്കുകയും വേണം. ഇതെല്ലാം ചെയ്താലും എംപിമാർ വിമർശിക്കപ്പെടും. തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ബഹുമാനത്തോടെ കാണണമെന്നും ഇതൊരു അനായാസ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് നാലാം തവണയാണ് കിരൺ റിജിജു എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യം 2004 ലും പിന്നീട് 2019 ലും എംപിയായ അദ്ദേഹം 2024 ൽ തുടർച്ചയായ മൂന്നാം വട്ടവും അരുണാചൽ പ്രദേശിൽ നിന്ന് ലോക്സഭയിലെത്തി. രാജ്യത്തെ മൂന്ന് ബുദ്ധ വിശ്വാസിയായ എംപിമാരിൽ ഒരാളാണ് ഇദ്ദേഹം. 2004 ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള തൻ്റെ അനുഭവമാണ് കിരൺ റിജിജു വെളിപ്പെടുത്തിയത്.