ടെഹ്റാൻ / ബാഗ്ദാദ്: ഇറാനിലുടനീളം പടരുന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ, അറബിക് സംസാരിക്കുന്ന ഇറാഖി ശിയ മിലീഷ്യകളെ ഉപയോഗിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘തീർത്ഥാടകർ’ എന്ന മറവിൽ നൂറുകണക്കിന് മിലീഷ്യ അംഗങ്ങൾ ഇറാനിലേക്ക് കടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ആഴ്ച ഇറാൻ–ഇറാഖ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇറാഖി ഉദ്യോഗസ്ഥൻ അലി ഡി. കണ്ടത് അസാധാരണമായ കാഴ്ചയായിരുന്നു. ശിയ തീർത്ഥാടകരെ കൊണ്ടുപോകുന്നുവെന്ന പേരിൽ എത്തിയ ബസുകളിൽ കുടുംബങ്ങളോ വയോധികരോ ഉണ്ടായിരുന്നില്ല. ഒരേ രീതിയിലുള്ള കറുത്ത ടി-ഷർട്ടുകൾ ധരിച്ച യുവാക്കളാണ് മുഴുവനായും ബസുകളിൽ ഉണ്ടായിരുന്നത്. ദ് മീഡിയ ലൈൻ എന്ന അമേരിക്കൻ വാർത്താ ഏജൻസിയോട് സംസാരിച്ച അലി ഡി., ജനുവരി 11 വരെ ഇത്തരത്തിലുള്ള ഏകദേശം 60 ബസുകൾ, ഓരോന്നിലും 50 പേർ വീതം, അതിർത്തി കടന്നതായി വ്യക്തമാക്കുന്നു.
ഇറാഖിൽ നിന്നുള്ള അറബിക് സംസാരിക്കുന്ന ശിയ മിലീഷ്യകളുടെ പ്രവേശനവും തെരുവുകളിലെ അതിക്രമങ്ങളുടെ രൂക്ഷതയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. IRGC, ബസീജ് തുടങ്ങിയ ഇറാന്റെ സ്വന്തം സുരക്ഷാസേനകൾ ജൂണിൽ നടത്തി 12 ദിവസത്തെ യുദ്ധത്തിലും ഗാസാ സംഘർഷവുമായി ബന്ധപ്പെട്ട പ്രാദേശിക ഏറ്റുമുട്ടലുകളിലും വലിയ നഷ്ടം നേരിട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം.
അതേസമയം ഖമേനി വർഷങ്ങളായി വളർത്തിയെടുത്ത ‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്’ നെ സ്വന്തം ജനങ്ങൾക്കെതിരായി ഉപയോഗിക്കുന്നതാണിതെന്ന് വിമർശകർ പറയുന്നു. ഇതിനിടെ അറബിക് സംസാരിക്കുന്ന ഇറാഖി യുവാക്കളെ മാസം ഏകദേശം 600 ഡോളർ വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ജോലി ഇല്ലാത്ത നിരവധി യുവാക്കളാണ് “ഇസ്ലാമിക വിപ്ലവം സംരക്ഷിക്കാനെന്ന” പേരിൽ ഇറാനിലേക്ക് പോയതെന്ന് The Media Line റിപ്പോർട്ട് ചെയ്തു.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഇറാനിയൻ നഗരങ്ങളിൽ അറബിക് സംസാരിക്കുന്ന ആയുധധാരികൾ പട്രോളിംഗ് നടത്തുന്നതായി കാണാം. ചില നഗരങ്ങൾ കർഫ്യൂവിലും വളഞ്ഞ നിലയിലുമാണെന്ന സന്ദേശങ്ങളും പുറത്തുവരുന്നുണ്ട്.
സ്വന്തം ജനങ്ങളെ അടിച്ചമർത്താൻ വിദേശ മിലീഷ്യകളെ ആശ്രയിക്കുന്ന നടപടി ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഗുരുതരമായ വഴിത്തിരിവാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അറബിക് സംസാരിക്കുന്ന ആയുധധാരികളെ ഇറക്കുമതി ചെയ്ത് അധികാരത്തിൽ തുടരുന്ന ഭരണകൂടത്തിന്, ഇറാനിയൻ ജനതക്കിടയിൽ ഇനി എത്രത്തോളം നിയമസാധുത ശേഷിക്കുമെന്ന ചോദ്യം ശക്തമാകുകയാണ്.
അതേസമയം ഡിസംബർ അവസാന വാരത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലമാണ് ഇറാനിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. എന്നാൽ പിന്നീട് അത് ആയത്തുല്ല അലി ഖമേനിയെ നേരിട്ട് ലക്ഷ്യമിടുന്ന പ്രക്ഷോഭമായി മാറുകയായിരുന്നു.“മുല്ലകൾ പുറത്തേക്ക് പോകണം” എന്ന മുദ്രാവാക്യങ്ങൾ 31 പ്രവിശ്യകളിലായി 600-ലധികം കേന്ദ്രങ്ങളിൽ മുഴങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചതോടെ മരണസംഖ്യ വേഗത്തിൽ ഉയർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2,600-ലധികം പേർ കൊല്ലപ്പെടുകയും 20,000-ത്തിലധികം പേർ അറസ്റ്റിലാകുകയും ചെയ്തു.
















































