തിരുവനന്തപുരം: താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ എതിർപ്പ് അവഗണിച്ച് കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഇതോടെ വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. ഇതോടെ യോഗത്തിൽ വലിയ ബഹളമുണ്ടായി. എന്നാൽ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയേയും യോഗം നിയോഗിച്ചു. ഷിജുഖാൻ, അഡ്വ. ജി മുരളീധരൻ, ഡോ നസീബ് എന്നിവർ അടങ്ങിയ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. തീരുമാനം കോടതിയെ അറിയിക്കും.
അതേസമയം റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സിൻഡിക്കറ്റ് അംഗങ്ങളെ അറിയിച്ചിരുന്നതായി സിസ തോമസ് പറഞ്ഞു. വിഷയം യോഗത്തിന്റെ അജൻഡയിലും ഇല്ലായിരുന്നു. അതിനാൽ സസ്പെൻഷൻ റദ്ദാക്കപ്പെടില്ല. യോഗം പിരിച്ചുവിട്ടു താൻ പുറത്തുവന്നു. അതിനുശേഷം എടുക്കുന്ന നടപടികൾക്ക് നിയമപിന്തുണ ഇല്ലെന്നും സിസ തോമസ് പറഞ്ഞു.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് കേരള സർവകലാശാലാ റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്. എൽഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം വിളിക്കാൻ വിസിയുടെ താൽക്കാലിക ചുമതലയുള്ള ഡോ. സിസ തോമസ് സമ്മതിച്ചത്. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അടിയന്തര സിൻഡിക്കറ്റ് യോഗം.
കൂടാതെ വിസിയോടു സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കറ്റ് എടുക്കുന്ന തീരുമാനം വിസിയുടെതായി സ്റ്റാൻഡിങ് കൗൺസിൽ വഴി കോടതിയെ അറിയിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം വിസി തള്ളി. ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് റജിസ്ട്രാർ പരിപാടി റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് വിസി റജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.
തുടർന്ന് കഴിഞ്ഞദിവസം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായിരുന്നില്ല. സംഭവത്തിൽ പോലീസും സർവകലാശാലയും വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
സർവകലാശാലയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദർശിപ്പിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി ഭാരതാംബയെ കാവിക്കൊടിയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരമാണെന്നും പറഞ്ഞിരുന്നു.