കൊച്ചി: മൈക്ക് കയ്യിൽ കിട്ടിയപ്പോൾ ഒന്നാവേശം കാണിച്ചതാ, പക്ഷെ പണി പാളിപ്പോയി, കേരള പോലീസിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ ഒറ്റുകാരനായ ഉദ്യോഗസ്ഥനെ തേടി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനു മുന്നറിയിപ്പ് കൊടുത്ത ഉദ്യോഗസ്ഥൻ ആരെന്നാണ് അന്വേഷണം.
‘‘വീട്ടിൽ നിന്നിറങ്ങും മുൻപു ഫോൺ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തയാറായി നിൽക്കുകയാണ്. പനിയോ, ചെവിയിൽ അസുഖം ഉണ്ടെങ്കിൽ മുന്നിൽ നിൽക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പോലീസിൽ 60 ശതമാനം പേരും മോദി ഫാൻസാണ്’’– ശോഭാ സുരേന്ദ്രൻറെ തൃശൂരിലെ ഈ പ്രസംഗത്തിനു പിന്നാലെയാണ് ഒറ്റുകാരനായ പോലീസിനെ കണ്ടെത്തണമെന്ന നിർദേശം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചത്.
നിലവിൽ സേനയിൽ സിപിഎം, കോൺഗ്രസ് അനുഭാവികളായ നിരവധി ഉദ്യോഗസ്ഥരുണ്ട്. എന്നാൽ ബിജെപി അനുഭാവികളുടെ എണ്ണം സേനയ്ക്കുള്ളിൽ കഴിഞ്ഞകാലങ്ങളിൽ വർധിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെയാണ് സംശയം. അതേസമയം, തൃശൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ജില്ലാ പ്രസിഡന്റിന്റെ തലയ്ക്കടിച്ച പോലീസ് ഉദ്യോഗസ്ഥൻ ആരെന്നാണ് ബിജെപി തിരയുന്നത്. സിറ്റി ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിൻറെ തലയിലാണ് അടിയേറ്റത്. മാസ്ക് ധരിച്ച ഈ പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് ബിജെപി കണ്ടുപിടിച്ചിട്ടില്ല.