തൃശ്ശൂർ: ശരീരത്തിൽ കാണപ്പെടുന്ന എല്ലാപാടുകളും ചുണങ്ങാണെന്നു കരുതി അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ സംസ്ഥാനത്ത് 11 കുട്ടികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. 179 പേർക്കാണ് കുഷ്ഠരോഗബാധ പുതുതായി സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച കേസുകളിൽ നാലിലൊന്ന് ഇതര സംസ്ഥാനക്കാരിലാണ്. പാലക്കാട്, തിരുവനന്തപുരം, കാസർകോട് ജില്ലകളിലാണ് രോഗബാധ കൂടുതൽ. ഇതര സംസ്ഥാനക്കാരിൽ രോഗം സ്ഥിരീകരിച്ചാൽ തൊഴിലുടമകൾ ഇവരെ ഒഴിവാക്കുന്നത് തുടർചികിത്സയ്ക്കും രോഗനിയന്ത്രണത്തിനും തടസ്സമാവുന്നു. നിലവിൽ അതത് പ്രദേശത്തെ ആശവർക്കർ, പരിശീലനം സിദ്ധിച്ച പുരുഷവൊളന്റിയർ എന്നിവർ വീടുകൾ തോറും സന്ദർശിച്ച് കുഷ്ഠരോഗബാധിതരെ കണ്ടെത്താനുള്ള സർവേ ആരംഭിച്ചിട്ടുണ്ട്. രോഗം ബാധിച്ചവർക്ക് സെൽഫ് കെയർ കിറ്റുകൾ, ഷൂസുകൾ എന്നിവ സർക്കാർ സൗജന്യമായി നൽകും.
കുഷ്ഠ രോഗ ലക്ഷണങ്ങളെക്കുറിച്ച് ഏവരും ജാഗ്രത പുലർത്തണം. സ്വന്തം ശരീരം സ്വന്തം ഉത്തരവാദിത്വമാണ്. ത്വക്കിലുണ്ടാകുന്ന പാടുകളും മാററങ്ങലുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചികിത്സതേടുകയും വേണം.അഞ്ചുമുതൽ പത്തുവർഷം വരെ ശരീരത്തിൽ വലിയ പ്രത്യക്ഷ സൂചനകളൊന്നും നല്കാതെ ഉറങ്ങിയിരുന്ന് നിശബ്ദപ്രവർത്തനം ശേഷിയുള്ള ബാക്ടീരിയയാണ് ഈ രോഗകാരി. അതിനാൽ, നിതാന്ത ജാഗ്രത അനികാര്യമാണ്.
സാമ്പത്തികശേഷിയോ വിദ്യാഭ്യാസനിലവാരമോ ഉന്നതജോലിയോ തുടങ്ങിയ വിവേചനങ്ങളില്ലാതെ എല്ലാവരിലും രോഗബാധ കാണുന്നതിനാൽ തങ്ങൾക്ക് ഇതുവരില്ലെന്ന വിശ്വാസം മാറ്റിവയ്ക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിയ്ക്കുന്നത്. രോഗബാധയുടെ ആരംഭത്തിൽ ദൃശ്യമാവുന്ന പാട് ദൈനംദിനജീവിതത്തെ ബാധിക്കില്ലെന്നയെന്നതിനാൽ, അവ നിസാരമാക്കി ചികിത്സ തേടാതിരുന്നാൽ ക്രേമേണ ഞരമ്പുകളെ ബാധിച്ച് അവയവങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തും. ശരീരത്തിന്റെ പിറകുവശത്തും മറ്റും അവരവർക്ക് കാണാനാവാത്ത ഭാഗങ്ങളിൽ പാടുകൾ വരുമ്പോൾ ശ്രദ്ധിക്കപ്പെടാത്ത സാഹചര്യവും ഈ രോഗം യഥാസമയം സ്ഥിരീകരിക്കപ്പെടാതിരിക്കുന്നതിന് കാരണമാകുന്നു.
സമൂഹത്തിൽ രോഗവാഹകരുടെ സാന്നിധ്യമുണ്ടെന്ന തെളിവാണ് പൊതുവേ, മുതിർന്നവരെ അപേക്ഷിച്ച് പുറംലോകവുമായി വളരെ കുറച്ചുമാത്രം ഇടപഴകുന്ന കുട്ടികളിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നത്.
കണ്ടെത്താം, ആരംഭത്തിലേ …
ത്വക്കിൽ കണ്ടെത്തുന്ന പാട് കുഷ്ഠരോഗമല്ലെന്ന് ഉറപ്പിക്കുകയെന്നതാണ് പ്രഥമവും പ്രധാനവും. സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും അത് സ്ഥിരീകരിക്കാൻ കഴിയും. ചികിത്സ സൗജന്യമാണ്. തീവ്രത കുറഞ്ഞത്, കൂടിയത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ. ആദ്യവിഭാഗക്കാർക്ക് ഒറ്റ ഡോസ് ഗുളിക മതിയാവും. തീവ്രത കൂടിയ രോഗബാധിതർക്ക് ആറു മുതൽ ഒമ്പതുമാസം വരെയുള്ള ചികിത്സയാൽ രോഗം പൂർണമായും ഭേദമാക്കാനാവും.
തൃശ്ശൂരിൽ പുതുതായി രോഗം കണ്ടെത്തിയ കുട്ടികളിൽ രണ്ടുപേരുടെ അച്ഛന്മാർക്ക് മുൻപ് വന്നിട്ടുണ്ടായിരുന്നു. ബാക്കി മൂന്നുപേർക്ക് എവിടെനിന്നാണ് ബാധിച്ചതെന്ന് കണ്ടെത്താനായില്ല. ഇതിൽ ഒരു കുട്ടിയ്ക്ക് അഞ്ചുവയസ്സിൽ താഴെയാണ് പ്രായം. മുത്തശ്ശി ജോലിക്ക് പോകുന്ന ഹോട്ടലിൽ ഈ കുട്ടിയേയും കൊണ്ടുപോകാറുണ്ട്. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ ജോലിക്കാരുള്ള ഹോട്ടലിൽ ആ കുട്ടിയെ എല്ലാവരും എടുക്കുമായിരുന്നു. അത്തരം സമ്പർക്ക വേളകളിൽ രോഗം പകർന്നതാവാമെന്നാണ് അനുമാനിക്കുന്നത്. ആരിൽനിന്നെങ്കിലും ആവാമെന്നാണ് ഊഹം.
രോഗബാധ സ്ഥിരീകരിച്ചാൽ അടുത്ത് ഇടപഴകിയവരെ കണ്ടെത്തും. തീവ്രത കുറഞ്ഞതാണെങ്കിൽ ചുറ്റുമുള്ള 50 വീടുകളിലുള്ളവർ മരുന്ന് കഴിക്കണം. തീവ്രത കൂടുതലെങ്കിൽ 100 കുടുംബങ്ങളും. തൃശ്ശൂരിൽ മികച്ച സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളിൽ സ്ഥിരീകരിച്ചപ്പോൾ ആ സ്ഥാപനത്തിൽ നാലു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന നൂറിലേറെപേർക്ക് പ്രതിരോധമരുന്ന് നൽകി.

















































