തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക.
സംസ്ഥാനത്ത് നിരവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബദ്ധപ്പെട്ട് അവർക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവിടങ്ങളിലെ വീടുകൾ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും.
അതേപോലെ ഇടത്തരം വരുമാനമുള്ളവർക്കായി സഹകരണ ഭവനപദ്ധതി നടപ്പിലാക്കും. ഈ പദ്ധതി പ്രകാരം നഗരങ്ങളിൽ ഒരു ലക്ഷം വീടുകളാണ് സജ്ജമാക്കും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കും. മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ തയ്യാറാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. അതുപോലെ തന്നെ മുതിർന്ന പൗരൻമാർക്കായി ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ടലുകൾ നിർമിക്കാൻ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാൻഷ്യൽ കോർപറേഷൻ ആവിഷ്‌കരിക്കും. കൊല്ലത്ത് കിഫ്ബി, കിൻഫ്രാ സഹകരണത്തിൽ ഐടി പാർക്ക് ഒരുങ്ങും.
കണ്ണൂര്‍ ധര്‍മ്മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കുന്നതിന് ഈ വര്‍ഷം 10 കോടി രൂപ.
ഉള്‍നാടന്‍ മത്സ്യവികസന പദ്ധതിക്ക് 80.91 കോടി.
മണ്ണ് സംരക്ഷണത്തിന് 77.9 കോടി രൂപ.
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് 10 കോടി.