കോഴിക്കോട്: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ചേക്കുമെന്ന് സൂചന. മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥൻ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സാധ്യത പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം.
അതേസമയം പുറത്താക്കിയ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇനിയൊരു പുനർവിചിന്തനത്തിനുകൂടി അവസരം കൊടുക്കില്ലെന്ന് ഉറപ്പാണ്. പാലക്കാട് ബിജെപി ഇ. ശ്രീധരനെ മത്സരിപ്പിച്ചപ്പോൾ ലഭിച്ച വോട്ടാണ് കോൺഗ്രസിന് കണ്ണൻ ഗോപിനാഥനെ പരിഗണിക്കുന്നതിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകൾ മുൻ ഐഎഎസ് ഉദ്യോഗസ്ഥന് സമാഹരിക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.
കേന്ദ്രത്തിലെ ബിജെപി സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് അവസാനിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൻ ഗോപിനാഥൻ. കോട്ടയം കൂരോപ്പട സ്വദേശിയാണ്. പാലക്കാടാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സിവിൽ സർവീസിൽ നിന്ന് രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന ചില സമരങ്ങളിലും കണ്ണൻ സജീവമായിരുന്നു.















































