ന്യൂഡൽഹി: സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരുമുള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി ചോദിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. അതുപോലെ ഇത്തരം ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ മുഖങ്ങളെക്കൂടി ഓർക്കണം. യഥാർത്ഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണം മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നതെന്നും കെസി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
അതുപോലെ ശബരിമല സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് സമാധാനം പറയണം. തിരഞ്ഞെടുപ്പിനെ ഈ വിഷയം ബാധിക്കില്ലെന്ന് പറയുന്നതിലൂടെ കൊള്ള നിർബാധം തുടരാമെന്നാണ് അദ്ദേഹം അർത്ഥമാക്കുന്നതെങ്കിൽ അത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ എസ്ഐടി നടപടികൾ പെട്ടെന്ന് മാറ്റിവെച്ചത് സർക്കാർ ഭയപ്പെടുന്നത് കൊണ്ടാണ്. സ്വന്തം ഘടകകക്ഷികളെ പോലും വഞ്ചിച്ചുകൊണ്ട് പി.എം ശ്രീ വിഷയത്തിൽ തീരുമാനമെടുത്ത മുഖ്യമന്ത്രി ജോൺ ബ്രിട്ടാസിനെ ന്യായീകരിക്കുന്നതിൽ സിപിഐ മറുപടി പറയണം. പിഎം ശ്രീയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ബ്രിട്ടാസിനെ ന്യായീകരിച്ചതിലൂടെ അതിൽ നിന്ന് പിൻമാറില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം ഭരണപരാജയങ്ങൾ ജനം വിലയിരുത്തുകയും തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകുകയും ചെയ്യുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

















































