കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ കണ്‍സള്‍ട്ടന്‍സി കമ്പനി മേധാവി കാര്‍ത്തിക പ്രദീപ് ഇന്‍സ്റ്റഗ്രാം താരം. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്‌സ് ഉളള താരമാണ് കാര്‍ത്തിക പ്രദീപ്. കാര്‍ത്തികയുടെ റീല്‍സിനും വിഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങള്‍ അടക്കമുളള ആരാധകരുണ്ട്.
യുക്രൈനില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ കാര്‍ത്തിക യൂറോപ്പില്‍ ജോലിയെന്ന ഓഫര്‍ മുന്നോട്ടുവച്ച് നൂറോളം പേരില്‍ നിന്ന് വാങ്ങിയത് 3 മുതല്‍ 8 ലക്ഷം രൂപ വീതമാണ്. ഡോക്ടര്‍ എന്ന ലേബലിന്റെ മറവിലായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു.
താന്‍ യുക്രെയിനില്‍ ഡോക്ടറാണെന്നാണ് കാര്‍ത്തിക അവകാശപ്പെടുന്നത്.യുകെ,ഓസ്‌ട്രേലിയ,ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാര്‍ത്തികയുടെ ഒരു ശബ്ദരേഖയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,- എന്നാണ് കാര്‍ത്തികയുടെ പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്.