കണ്ണൂർ: പിഎസ് സി പരീക്ഷയ്ക്കിടെ പിടിയിലായ ഹൈടെക് കോപ്പിയടി വിദഗ്ദ്ധൻ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിന്റെ (27) തന്ത്രങ്ങൾ കണ്ടു ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥർ. ഓടിച്ചിട്ടു പിടികൂടിയ സഹദിന്റെ ദേഹ പരിശോധനയിൽ വസ്ത്രത്തിൽ നിന്നു കണ്ടെത്തിയത് മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പരീക്ഷാ ഹാളിൽനിന്ന് ഓടിരക്ഷപ്പെടാൻ ഉദ്യോഗാർഥിയുടെ ശ്രമത്തിനിടെ ദേഹത്ത് ഒളിപ്പിച്ച വൈഫൈ റൂട്ടറും നിലത്തു വീണിരുന്നു. ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റും ഘടിപ്പിച്ചിരുന്നു.
സെപ്റ്റംബർ 27ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്) പരീഷയിൽ തട്ടിപ്പ് നടത്തിയ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിനെ (27)യാണ് പോലീസ് ഓടിച്ചിട്ട് പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്. അതേസമയം കോപ്പിയടിക്കാൻ മുഹമ്മദ് സഹദിനെ സഹായിച്ച പെരളശ്ശേരി സ്വദേശി എ.സബീലിനെയും (23) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പിഎസ്‌സി ഉദ്യോഗസ്ഥന്റെ ജാഗ്രതയാണ് തട്ടിപ്പ് പൊളിച്ചത്.
‘കോപ്പിയടിക്കുള്ള സഹദിന്റെ ശ്രമം ഇങ്ങനെ- ഷർട്ടിന്റെ ബട്ടനിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ ചോദ്യപേപ്പർ പകർത്തി, സുഹൃത്തിന് അയച്ചുകൊടുത്തു. ചെവിയിൽ സെറ്റ് ചെയ്തിരിക്കുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കൈപ്പറ്റി പരീക്ഷയെഴുതുകയായിരുന്നു സഹദ്. കറുപ്പെന്ന് തോന്നിപ്പിക്കുന്ന കടുത്ത നീലനിറത്തിലുള്ള ഷർട്ടിന്റെ ഒരു ബട്ടൺ അഴിച്ചു മാറ്റിയാണ് ചെറിയ ക്യാമറ മുഹമ്മദ് സഹദ് ഘടിപ്പിച്ചത്. കൂടാതെ ബട്ടൺ മാറ്റിയ സ്ഥലത്ത് സേഫ്റ്റി പിൻ ഘടിപ്പിച്ചു. പുറത്തുള്ള സുഹൃത്തിനു ചോദ്യപേപ്പർ അയച്ചു കൊടുക്കാൻ ക്യാമറയ്ക്കു നേരെ വച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പിടികൂടിയത്.
അതേസമയം നേരത്തേ നിരീക്ഷണത്തിലുള്ള ആളായിരുന്നു സഹദ്. ഇയാൾ എഴുതിയ മറ്റു പരീക്ഷകളെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റഡിയിൽ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്യും. നാല് പരീക്ഷകളിൽ സമാനമായ രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
.