കണ്ണൂർ: സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.കേസിൽ പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അതേസമയം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രശാന്ത് കൗൺഡസിലർ സ്ഥാനത്തുനിന്നും അയോഗ്യനായേക്കും. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്നാണ് പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത്.
2007 ഡിസംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരി നഗരസഭ മുൻ കൗൺസിലറും സിപിഎം പ്രവർത്തകനുമായ പി രാജേഷിനെയാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. വീട്ടിൽ കയറിയ ബിജെപി പ്രവർത്തകർ രാജേഷിനെയും സഹോദരനെയും മാതാവിനെയും ആക്രമിച്ചിരുന്നു. കൂടാതെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.


















































