ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിശീതമായി വിമർശിച്ച് മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച കമലാ ഹാരിസ് ട്രംപ് ഒരു ഫാസിസ്റ്റിനെപ്പോലെ പെരുമാറുമെന്നും ഒരു സ്വേച്ഛാധിപത്യ സർക്കാരായിരിക്കും ഉണ്ടാകുകയെന്നും താൻ പ്രചാരണ വേളയിൽ നടത്തിയ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
ഇപ്പോൾ നീതിന്യായ വകുപ്പിനെ ആയുധമാക്കുമെന്ന് ട്രംപ് പറയുകയും അത് കൃത്യമായി ചെയ്യുകയും ചെയ്യുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യം നടത്തുന്നവർക്കെതിരെ ഫെഡറൽ ഏജൻസികളെ അദ്ദേഹം ആയുധമാക്കി. അദ്ദേഹത്തിൻ്റെ ക്ഷമ അത്ര ചെറുതാണ്. ഒരു തമാശയിൽ നിന്നുള്ള വിമർശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല, അതിലൂടെ ഒരു മാധ്യമ സ്ഥാപനം മുഴുവൻ അടച്ചുപൂട്ടാൻ അദ്ദേഹം ശ്രമിച്ചു. കമല കുറ്റപ്പെടുത്തി.
അതേസമയം 2028-ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചനയും നൽകി കമലാ ഹാരിസ്. തൻ്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡൻ്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹാരിസ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഭാവിയിൽ ഒരു വനിതാ പ്രസിഡൻ്റ് വൈറ്റ് ഹൗസിലെത്തും എന്ന് തനിക്ക് ഉറപ്പുണ്ട്. അത് തൻ്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കും. തൻ്റെ മുഴുവൻ കരിയറും സേവനത്തിൻ്റേതായിരുന്നു, അത് തൻ്റെ അസ്ഥികളിൽ അലിഞ്ഞുചേർന്നതാണ്. താൻ സർവേകൾക്ക് ചെവി കൊടുത്തിരുന്നുവെങ്കിൽ മത്സരിക്കില്ലായിരുന്നുവെന്നും ഇവിടെ ഇരിക്കുകയില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
അതുപോലെ ട്രംപിൻ്റെ ആവശ്യങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങിപ്പോയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് വിമർശിച്ചു. അവർ ഒരു ഏകാധിപതിയുടെ കാൽക്കൽ മുട്ടുമടക്കുകയാണെന്നും, അധികാരത്തോട് അടുത്തിരിക്കാനും ലയനങ്ങൾക്ക് അംഗീകാരം നേടാനും അല്ലെങ്കിൽ അന്വേഷണങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഹാരിസ് ആരോപിച്ചു.















































