തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെന്നാണ് പോറ്റിയുടെ തൊട്ടടുത്ത അയൽക്കാരന്റെ വെളിപ്പെടുത്തൽ.
പോറ്റിയുടെയടുത്ത് രണ്ട് തവണ വരുന്നത് കണ്ടിട്ടുണ്ട്. വന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നു. അന്ന് തങ്ങൾ സംസാരിച്ചിട്ടുമുണ്ട്. ആദ്യം വന്നപ്പോൾ ഉടനെ തന്നെ തിരിച്ചു പോയി. രണ്ടാം തവണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അദ്ദേഹം പോയതെന്നും വിക്രമൻ നായർ പറഞ്ഞു. അതേസമയം സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തതിന്റെ മഹസർ സാക്ഷിയാണ് വിക്രമൻ നായർ.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ സ്‌പോൺസർ എന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ടെന്നും വ്യക്തിപരമായ മറ്റ ബന്ധങ്ങളോ, ഇടപാടുകളോ ഉണ്ടായിട്ടില്ലെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രൻ എസ്‌ഐടിയോട് പറഞ്ഞിരുന്നത്. പോറ്റി മന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിരുന്നുവോ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ശബരിമല സന്നിധാനത്ത് വെച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയിരുന്നു.
അതേസമയം ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വൻ ക്രമക്കേട് കണ്ടെത്തി. ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് നിർണായക രേഖകൾ ഇഡി പിടിച്ചെടുത്തു. തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് ഇ.ടിയുടെ കണ്ടെത്തൽ. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിലും നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചു. സ്വർണ കവർച്ചയിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പോറ്റി വാങ്ങിക്കൂട്ടിയ കണക്കില്ലാത്ത സംബന്ധിച്ച രേഖകൾ വീട്ടിൽ നിന്നും ലഭിച്ചു. കൂടാതെ സ്മാർട്ട് ക്രിയേഷൻസിന്റെയും ഗോവർദ്ധന്റെയും ഇടപാടുകളിലും ദുരൂഹതയുണ്ടെന്നാണ് ഇ ഡിയുടെ നിഗമനം. പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉടൻ നീക്കമുണ്ടായേക്കും.














































