കൊച്ചി: കെ. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് കാരണം വൻ വാഗ്ദാനങ്ങൾ നേടിയെടുക്കാമെന്ന പ്രതീക്ഷയോടെയെന്ന് റിപ്പോർട്ട്. കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിയിലും സർക്കാരിലും വിവിധ പദവികൾ നൽകുമെന്ന നേതൃത്വം ഉറപ്പ് നൽകിയതിനാലാണ് സുധാകരൻ മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാരിന്റെ ഭാഗമാക്കുമെന്നും ഹൈക്കമാൻഡ് ഉറപ്പു നൽകിയതായി കെ.സുധാകരൻ പറഞ്ഞതായാണ് മനോരമയുടെ റിപ്പോർട്ട്.
കെപിസിസി അധ്യക്ഷ പദവിയിൽനിന്നു മാറണമെന്ന് ഡൽഹിയിൽ വച്ച് കെ.സി.വേണുഗോപാലാണ് ആവശ്യപ്പെട്ടതെന്ന് സുധാകരൻ പറഞ്ഞു. ‘‘ബെൽഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാർ രാജ്യത്ത് മാറിയിരുന്നു. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നൽകാമെന്നും പ്രത്യേക ഇളവ് നൽകി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്നും സർക്കാരിന്റെ ഭാഗമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളെ ഒഴിവാക്കുന്നതല്ല, പാർട്ടിയിൽ തന്നെയുണ്ടാകുമെന്നും വേണു പറഞ്ഞു. ഉചിതമായ ആദരം നൽകി അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നു വേണുഗോപാൽ പറഞ്ഞപ്പോൾ, മാറാൻ തയാറാണെന്നു ഞാനും പറഞ്ഞു. പ്രവർത്തക സമിതി അംഗത്വം വാഗ്ദാനം ചെയ്തതിനൊപ്പം, ഞാൻ പറയുന്ന ആളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചു.
രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും സംസാരിക്കാൻ പോയത് അധ്യക്ഷ പദവിയിൽനിന്നു മാറേണ്ടി വരുമെന്ന ധാരണയിലാണ്. മാറ്റുമെന്ന് നേരത്തേ പറഞ്ഞിരുന്നതിനാൽ, തിരഞ്ഞെടുപ്പു കഴിയും വരെ തുടരാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടാനായിരുന്നു എന്റെ തീരുമാനം. അവരുമായി നടന്ന ചർച്ചയിൽ, മാറണമെന്ന് എന്നോടു രണ്ടുപേരും ആവശ്യപ്പെട്ടില്ല. കേരളത്തിലെ നേതാക്കളെ ഫോണിൽ വിളിച്ചു സംസാരിക്കാമെന്നും നിങ്ങളുടെ ആരോഗ്യാവസ്ഥ എന്തെന്നു ചോദിക്കട്ടെയെന്നും എന്നോടു പറഞ്ഞിരുന്നു. അല്ലാതെ നേതാക്കൾ എനിക്ക് ഒരു സൂചന പോലും തന്നില്ല.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിണറായി വിജയന് എതിരായ അന്തിമ പോരാട്ടമായി ഞാൻ അതിനെ കണ്ടിരുന്നു, അതൊരു സത്യമാണ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും എന്നോട് മാറണമെന്ന് ആവശ്യപ്പെടാതിരുന്നതോടെ, മാറേണ്ടി വരില്ലെന്നാണു ഞാൻ കരുതിയത്.
11 തവണ എന്റെ കാർ ആക്രമിക്കപ്പെട്ടതും മൂന്നു തവണ ബോംബേറിൽനിന്നു രക്ഷപ്പെട്ടതും പറഞ്ഞപ്പോൾ ഖർഗെയ്ക്ക് അത്രവേഗം മനസ്സിലായില്ല. പിന്നീട് കണ്ണൂരിലെ സിപിഎമ്മിനെതിരായ എന്റെ പോരാട്ടങ്ങൾ രാഹുൽ ഗാന്ധിയാണ് ഖർഗെയ്ക്കു മനസ്സിലാക്കിക്കൊടുത്തത്. അച്ചടക്കമുള്ള രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. ഹൈക്കമാൻഡ് പറയുന്നതേ കേൾക്കൂ. എനിക്ക് ഒരു സ്ഥാനവും വേണ്ട. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഞാൻ മുൻനിരയിലുണ്ടാകും.
കണ്ണൂർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. പിണറായി വിജയന്റെ ഭരണം അവസാനിപ്പിക്കുക എന്റെ രാഷ്ട്രീയ ദൗത്യമാണ്. കെ.സി.വേണുഗോപാലും ഞാനും തമ്മിൽ സഹോദര്യ തുല്യമായ ബന്ധമാണ്. 1993ൽ കണ്ണൂർ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകളെ വെല്ലുവിളിച്ച് ഞാൻ മത്സരിച്ചപ്പോൾ വേണു കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ്. കരുണാകരനൊപ്പം നിന്നിട്ടും അദ്ദേഹം എനിക്കു വേണ്ടി പ്രവർത്തിച്ചു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും എതിർത്തിട്ടും അന്നു ഞാൻ ജയിച്ചു. എല്ലാക്കാലത്തും വേണുഗോപാൽ എന്നെ സഹായിച്ചിട്ടേയുള്ളൂ’’ – സുധാകരൻ പറഞ്ഞു.