ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ-മുഹമ്മദ് തലവനും 2001-ലെ പാർലമെന്റ് ആക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയുമായ മസൂദ് അസ്ഹറിനെ പാക് അധീന കശ്മീരിൽ കണ്ടതായി റിപ്പോർട്ട്. സംഘടനയുടെ ശക്തികേന്ദ്രമായ ബഹാവൽപൂരിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയുള്ള പാക് അധീന കശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലാണ് മസൂദിനെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യ ടുഡേ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
ഏതാനും ദിവസങ്ങൾക്കു മുൻപു ഇന്ത്യ, യുഎസ്, ഐക്യരാഷ്ട്രസഭ എന്നിവ ഉപരോധം ഏർപ്പെടുത്തിയ അസ്ഹർ പാക്കിസ്ഥാന്റെ മണ്ണിൽ കാലുകുത്തിയാൽ പിടികൂടി ഇന്ത്യയെ ഏൽപ്പിക്കും എന്ന് പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഈയടുത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘അസ്ഹർ അഫ്ഗാനിസ്ഥാനിലാണ് എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അയാൾ പാക്കിസ്ഥാന്റെ മണ്ണിലുണ്ട് എന്ന വിവരം തെളിവുസഹിതം പങ്കുവെച്ചാൽ, ഞങ്ങൾ അയാളെ സന്തോഷത്തോടെ പിടികൂടി ഇന്ത്യയെ ഏൽപ്പിക്കും,’ എന്നായിരുന്നു അദ്ദേഹം അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംഭീകരനാണ് മസൂദ് അസ്ഹർ. 2016-ലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം, 40-ൽ അധികം സൈനികർ കൊല്ലപ്പെട്ട 2019-ലെ പുൽവാമ ഭീകരാക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരപ്രവർത്തനങ്ങളുടെ സൂത്രധാരനായിരുന്നു അസ്ഹർ. ഇയാളെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ സ്‌കർദുവിലുള്ള സദ്പാറ റോഡ് പരിസരത്താണ് കണ്ടത് എന്നാണ് വിവരം. ആകർഷകമായ തടാകങ്ങളോടുകൂടിയ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഒളിച്ചുതാമസിക്കാൻ പറ്റിയ ഇടമാണ് ഇതെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, അസ്ഹർ ഇപ്പോഴും തന്റെ സ്ഥിരം താവളമായ ബഹാവൽപുരിൽ തന്നെയാണെന്ന് വരുത്തിത്തീർക്കാൻ ജെയ്ഷെ പ്രവർത്തകർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ശ്രമം നടത്തുന്നുണ്ടെന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു. അസ്ഹറിന്റെ പഴയ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് അയാൾ ഇപ്പോഴും ബഹാവൽപുരിൽ തന്നെയാണ് എന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് അവർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഇപ്പോഴും അസ്ഹറിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം അസ്ഹർ ബഹാവൽപൂരിൽ നിന്ന് മറ്റൊരു ഒളിത്താവളത്തിലേക്ക് മാറുന്നത് ഇതാദ്യമായല്ല. 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം, അസ്ഹർ ബഹാവൽപൂരിൽ നിന്ന് പെഷവാറിലെ ഒരു രഹസ്യ സുരക്ഷിത താവളത്തിലേക്ക് മാറിയിരുന്നു. അതുപോലെ ജെയ്ഷെയുടെ ആസ്ഥാനമായ ജാമിഅ സുബ്ഹാൻ അല്ലാഹിൽ ഓപ്പറേഷൻ സിന്ദൂറിനിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.