ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി മോഹൻലാൽ വഴിപാട് കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദത്തിൽ ഇരുവരേയും പിന്തുണച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ മനോനിലയുള്ളവർക്ക് ഇരുവരേയും സൗഹൃദം മനസിലാകില്ലെന്ന് ജാവേദ് അക്തർ എക്‌സിൽ കുറിച്ചു. മമ്മൂട്ടിക്കായി മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയ വിവരം പുറത്തുവന്നതോടെ ഇരുവരുടേയും ബന്ധത്തെ പ്രകീർത്തിച്ച് ധാരാളം ആരാധകർ രംഗത്തെത്തിയിരുന്നു. അതേസമയം, മതവിധിക്ക് എതിരാണിതെന്ന് മറ്റുചിലരും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ജാവേദ് അക്തറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘ഇന്ത്യയിൽ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹൻലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തുമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം, ഇടുങ്ങിയ മനസുള്ള നെഗറ്റീവ് ആളുകൾക്ക് മനസിലാക്കാൻ കഴിയില്ല എന്നത് സ്വാഭാവികമാണ്. അതാര് ശ്രദ്ധിക്കുന്നു’.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ശബരിമലയിൽ സന്ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിക്കുവേണ്ടി ഉഷഃപൂജ വഴിപാട് നടത്തിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഇതിന്റെ രസീത് പുറത്തുവന്നതോടെയാണ് സംഭവം വലിയ വാർത്തയായത്. ദേവസ്വം ബോർഡിലെ ആരോ ആണ് വഴിപാട് രസീത് ചോർത്തിയത് എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്നാൽ, തങ്ങൾ രസീത് പുറത്തുവിട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു.
അതേസമയം, മോഹൻലാൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ, മമ്മൂട്ടി ഇസ്ലാമിക വിധിപ്രകാരമുള്ള പരിഹാരം ചെയ്യണമെന്ന് ഒ. അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അതുപോലെ ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായിയും രംഗത്തെത്തിയിരുന്നു. ശബരിമലയിൽ മോഹൻലാൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമാണെങ്കിൽ അത് തെറ്റാമെന്നാണ് അദ്ദേഹം ഒരു ന്യൂസ് ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.