ന്യൂഡൽഹി: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൾ മൊമിനാത്ത് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. 5000 ത്തിലേറെ അംഗങ്ങളെ സംഘടനയിൽ ചേർത്ത് പരിശീലനം നൽകിയതായി ജയ്ഷെ തലവൻ മസൂദ് അസർ വെളിപ്പെടുത്തി. ഇവർക്ക് തീവ്രവാദ പ്രവർത്തനങ്ങളും ചാവേർ ആക്രമണവും വരെ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നതായാണ് റിപ്പോർട്ടുകൾ. അംഗങ്ങൾക്ക് മസൂദ് അസറിന്റെ സഹോദരി സയീദയാണ് നേതൃത്വം നൽകുന്നത്. സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതായി സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് മസൂദ് അസർ വെളിപ്പെടുത്തിയത്. പാക്ക് അധിനിവേശ കശ്മീരിൽ ഈയടുത്ത ആഴ്ചകളിൽ 5000ത്തിലേറെ സ്ത്രീകൾ സംഘടനയുടെ ഭാഗമായി.
അതേസമയം സമീപകാലത്ത് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസൂദ് അസർ വനിതാചാവേറുകളുടെ പ്രവർത്തനം സംബന്ധിച്ചു വെളിപ്പെടുത്തൽ നടത്തിയത്. ജമാഅത്ത്-ഉൽ- മോമിനാത്തിന്റെ വളരുന്ന സ്വാധീനത്തെക്കുറിച്ച് മസൂദ് അസർ വിശദീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ 5,000-ൽ അധികം സ്ത്രീകൾ ഈ ഗ്രൂപ്പിൽ ചേർന്നതായും റിക്രൂട്ട്മെന്റും പരിശീലനവും സുഗമമാക്കുന്നതിന് പാക് അധിനിവേശ കശ്മീരിൽ ജില്ലാ തലത്തിലുള്ള സംഘടനകൾ സ്ഥാപിക്കാനും മസൂദ് അസർ ആഹ്വാനം ചെയ്തു.
ഓരോ ജില്ലയ്ക്കും വനിതാ മേധാവി അഥവാ ‘മുൻതസിമ’ നയിക്കുന്ന ഒരു പ്രത്യേക ആസ്ഥാനം ഉണ്ടാകും. ഗ്രൂപ്പിൽ ചേർന്ന പല സ്ത്രീകളും ജമാഅത്ത്-ഉൽ-മോമിനാത്തിൽ അംഗമായതിലൂടെ തങ്ങൾക്ക് ഒരു ലക്ഷ്യബോധം ഉണ്ടാകുകയും അവരുടെ വിശ്വാസം ശക്തമാകുകയും ചെയ്തവെന്ന് പറഞ്ഞതായി മസൂദ് അസറിന്റെ പോസ്റ്റിൽ പറയുന്നു.
കൂടാതെ അതിവേഗത്തിലുള്ളതും ചിട്ടയായതുമാണ് വനിതാവിഭാഗത്തിന്റെ വളർച്ച എന്ന് മസൂദ് അസർ വിശേഷിപ്പിച്ചു. ഭീകരസംഘടന അംഗങ്ങളെ ഒരു പ്രത്യയശാസ്ത്രത്തിന്റെയും ഘടനയുടെയും കീഴിൽ ഏകീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ലക്ഷ്യബോധവും വിശ്വാസവും വളർത്തുന്നതിനായി ആത്മീയ പരിശീലനങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജെയ്ഷെയുടെ ശത്രുക്കളെ നേരിടാൻ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും വിന്യസിക്കാനുമുള്ള ഒരു വിശദമായ പദ്ധതി ആവിഷ്കരിക്കുന്നതായുള്ള മസൂദ് അസറിന്റെ ഓഡിയോ സന്ദേശം ഒക്ടോബറിലാണ് പുറത്തുവന്നത്. ഐഎസ്, ഹമാസ്, എൽടിടിഇ എന്നിവയുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ സജ്ജമാക്കാനുമാണ് ജയ്ഷെ ശ്രമം. സംഘടനയുടെ ഭാഗമാകുന്ന ഏത് സ്ത്രീയും മരണശേഷം നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകും എന്നും മസൂദ് അസർ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
വനിതാ വിഭാഗത്തിലെ അംഗങ്ങൾക്കും ജയ്‌ഷെയിലെ പുരുഷ അംഗങ്ങൾക്ക് നൽകുന്നതു പോലുള്ള പരിശീലനം നൽകുമെന്ന് നേരത്തേ അസർ പറഞ്ഞിരുന്നു. പുരുഷൻമാർക്ക് 15 ദിവസത്തെ ‘ദൗറ-ഇ-തർബിയത്ത്’ പരിശീലനമാണ് നൽകുന്നത്. സമാനമായി സ്ത്രീകൾക്ക് ‘ദൗറ-ഇ-തസ്കിയ’ പരിശീലനമാണ് നൽകുക.
എന്നാൽ ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾക്കു കർശനമായ നിയന്ത്രണങ്ങളുണ്ട്. ഭർത്താവിനെയോ അടുത്ത കുടുംബാംഗങ്ങളെയോ ഒഴികെ, മറ്റാരുമായും ഫോണിലൂടെ സംസാരിക്കാൻ അനുമതി ഉണ്ടാകില്ല. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിനെ കൂടാതെ മറ്റൊരു സഹോദരി സമൈറ അസ്ഹറും ഭീകരൻ ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ഫാറൂഖും സംഘടനയുടെ നേതൃനിരയിലുണ്ട്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ലക്നൗ സ്വദേശിയായ ഡോ. ഷഹീൻ ഷാഹിദ് ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് ഇന്ത്യയിൽ രൂപംനൽകാൻ ചുമതലപ്പെട്ടയാളാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.


















































