വാഷിങ്ടൺ: ഗാസയിലെ തകർന്ന സ്ഥലങ്ങളിൽ നിന്ന് ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുക്കുന്നത് ബുദ്ധിമുട്ടുള്ള പ്രക്രിയയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതൊരു ഭയാനകമായ പ്രക്രിയയാണെന്നും അതിനെ കുറിച്ച് സംസാരിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ചില സ്ഥലങ്ങളിൽ ആളുകൾ കുഴിക്കുകയും ഒരുപാട് മൃതദേഹങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൃതദേഹങ്ങൾ അവർ വേർതിരിക്കും. നിങ്ങൾ ഇത് വിശ്വസിച്ചെന്ന് വരില്ല. ഒരുപാട് നാളായ മൃതദേഹങ്ങളുണ്ട്. ചില മൃതദേഹങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിലാണ്’, ട്രംപ് പറഞ്ഞു. ചില മൃതദേഹങ്ങൾ മൂന്നടി നീളമുള്ള തുരങ്കങ്ങളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെടിനിർത്തൽ കരാറിന് ശേഷവും ഗാസയിൽ ഇസ്രയേലിന്റെ ആക്രമണങ്ങൾ തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‌ലസിൽ കടന്നു കയറി ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ നടത്തിയ റെയിഡിനെ തുടർന്നുണ്ടായ ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഥലത്തെ ഒരു വീട് ഉപരോധിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷം ഇസ്രയേൽ സേന വെസ്റ്റ് ബാങ്കിൽ നിന്നും പിന്മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു.